തൃശൂര്‍: കള്ള് ചെത്ത് തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കുക, നിയമപ്രകാരം ലഭിക്കേണ്ട 20 രൂപയോളം കുടിശ്ശികയുള്ള പെന്ഷന് വിഹിതം ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കള്ളുചെത്ത് തൊഴിലാളികള്‍ സംയുക്തമായി പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സമരപ്രഖ്യാപന സംസ്ഥാന കണ്വന്ഷന് 21ന് രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും.
കാലഹരണപ്പെട്ട മദ്യ നിരോധനം വീണ്ടും ഉന്നയിക്കുന്നത് അപ്രായോഗികമാണെന്ന് ബിഎംഎസ്, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനാഭാരവാഹികള്‍ പറഞ്ഞു. ഉദയഭാനു കമ്മീഷന് ശുപാര്‍ശയനുസരിച്ച് ലഹരികൂടിയ മദ്യത്തിന്റെ ഉപഭോഗം കുറക്കാന്‍ ശുദ്ധമായ കള്ള് ഉള്‍പ്പെടെയുള്ള ലഹരികുറഞ്ഞ മദ്യത്തെ പ്രോത്സാഹിപ്പിക്കണം. പരമ്പരാഗത തൊഴിലധിഷ്ടിത വ്യവസായമായ കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മദ്യനിരോധനം നടപ്പാക്കുമെന്ന് പറയുന്ന സാഹചര്യത്തില്‍ ഈ വ്യവസായത്തിന്റെ നവീകരണത്തിനും വികസനത്തിനുമായി ഒരു ബോര്‍ഡ് രൂപീകരിക്കണം.
സ്ഥിരമായി ജോലി നഷ്ടപ്പെട്ട കള്ള് ചെത്ത് തെഴിലാളികള്‍ക്ക് എക്സൈസ് വകുപ്പ് വഴി പെന്ഷന് അനുവദിക്കണം.ഇതിനുള്ള ഫണ്ട് കെഎസ്ബിസിയുടെ ലാഭത്തില്‍ നിന്നും നിശ്ചിത വരുമാനം മാറ്റിവെക്കണമെന്നും സംയുക്ത തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.
സംയുക്ത സമരപ്രഖ്യാപന സംസ്ഥാന കണ് വന്ഷന് സംഘാടക സമിതി ചെയര്മാന് കെ.ജി.ശിവനന്ദനന്‍, കണ്‍വീനര്‍ സി.കെ.ചന്ദ്രന്, വൈസ് ചെയര്മാന് കെ.കെ. പ്രകാശന്,ജോയിന്റ് കണ്‍വീനര്‍ കെ.എന്‍.വിജയന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: