എരുമേലി: ക്ലാസ് മുറിയില്‍ അവശനിലയില്‍ കാണപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.
എരുമേലി മുക്കൂട്ടുതറ എംഇഎസ് കോളേജില്‍ ഇന്നലെ രാവിലെയാണ് സംഭവം. രാവിലെ ക്ലാസിലെത്തിയ റാന്നി സ്വദേശിയായ വിദ്യാര്‍ത്ഥിനി അവശനിലയില്‍ ക്ലാസ്മുറിയില്‍ കിടന്നതിനെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പലിനെ അറിയിക്കുകയായിരുന്നു.
എന്നാല്‍ വിവരമറിയിച്ചിട്ടും ഏറെ നേരം കഴിഞ്ഞ് കോളേജിലെ പ്യൂണിനെ വിട്ട് വിവരം അന്വേഷിപ്പിച്ചതിനുശേഷമാണ് കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിനു പുറത്തേക്ക് വന്നത്. ഇതിനിടെ അവശ നിലയിലായ വിദ്യാര്‍ത്ഥിനിയെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് മറ്റ് വിദ്യാര്‍ത്ഥികള്‍ എടുത്തുകൊണ്ടു വന്നെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ വാഹനം നല്കാന് പ്രിന്‍സിപ്പല്‍ വിസമ്മതിക്കുകയായിരുന്നു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിനിടെ കോളേജിലെ മറ്റൊരു അദ്ധ്യാപകന്റെ വാഹനത്തില്‍ വിദ്യാര്‍ത്ഥിനിയെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിനിക്ക് ബിപി കുറഞ്ഞതാണെന്നും ആശുപത്രിയിലെത്തിക്കാന്‍ അല്പം കൂടി വൈകിയിരുന്നെങ്കില്‍ സംഭവം ഗൗരവതരമാകുമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കോളേജ് പ്രിന്‍സിപ്പലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.
കോളേജിലെ ചില പ്രശ്നങ്ങളില്‍ പരാതിപ്പെടാന്‍ വിദ്യാര്‍ത്ഥികള്‍ക്കോ മറ്റ് അദ്ധ്യാപകര്‍ക്കോ കഴിയുന്നില്ലെന്നും ഏതെങ്കിലും പരാതി പറയുന്നവരെ മാത്രം തെരഞ്ഞെടുപിടിച്ച് ശിക്ഷിക്കാനാണ് പ്രിന്‍സിപ്പല്‍ ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: