കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്ന ഓക്സിജന്‍ സിലിണ്ടറില്‍ അളവ് കുറവെന്നും ഇല്ലെന്നും ജീവനക്കാരുടെ അഭിപ്രായം. എറണാകുളത്ത് നിന്ന് സ്വകാര്യകമ്പിനിയാണ് ദിവസേന മെഡിക്കല്‍ കോളേജിനാവശ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കുന്നത്. എന്നാല്‍ എ, ബി എന്നീ രണ്ട് തരത്തിലുള്ള സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നത്. എ ടെപ്പ് ശസ്ത്രക്രീയാ തിയേറ്ററുകളിലേക്കും ബി ടൈപ്പ് വിവിധ വാര്‍ഡുകളിലേക്കും ഉള്ളതാണ്. വാര്ഡുകളിലേക്കെത്തുന്ന ഓക്സിജന്‍ സിലിണ്ടറിലാണ് അളവ് കുറവെന്നാണ് ആക്ഷേപം.
ഒരു ഓക്സിജന്‍ സിലിണ്ടര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ 12 മണിക്കൂര്‍ വരെ ഉപയോഗപ്പെടുത്താന്‍ കഴിയും. എന്നാല്‍ രണ്ട് മണിക്കൂര്‍ പോലും പല കുറ്റികളും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. അതിന് കാരണമായി പറയുന്നത് ഗ്യാസ് കുറ്റിയില്‍ ഓക്സിജന്‍ നിറയ്ക്കുന്ന സമയത്ത് അളവ് കുറയുന്നതാണ്.
കഴിഞ്ഞ ദിവസം ആറാം വാര്‍ഡില്‍ ചികത്സയില്‍ കഴിഞ്ഞ രോഗിക്ക് ഓക്സിജന്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും അതനുസരിച്ച് ജീവനക്കാര്‍ ഓക്സിജന്‍ നല്‍കിയെങ്കിലും രണ്ട് മണിക്കൂര്‍ പൂര്‍ത്തീകരിക്കും മുമ്പ് തന്നെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയാവുകയും രോഗി അപകടാവസ്ഥയിലാവുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു കുറ്റി ഘടിപ്പിച്ചതിന് ശേഷമാണ് രോഗിക്ക് ചികിത്സ നല്‍കിയത്.
സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന ഓക്സിജന്‍ സിലിണ്ടര്‍ വാര്‍ഡില്‍ ഉപയോഗിച്ച് തീര്‍ന്നതിന് ശേഷമാണ് ഹെഡ്നേഴ്സിന്റെ നിര്‍ദേശപ്രകാരം സ്റ്റോറില്‍ നിന്ന് വാര്ഡിലെത്തിക്കുന്നത്. ഇങ്ങനെ വാര്‍ഡില്‍ സൂക്ഷിക്കുന്ന ഓക്സിജന്‍ സിലിണ്ടറാണ് രോഗികള്‍ക്കായി ഉപയോഗിക്കുന്നത്. സിലിണ്ടറുകള്‍ ഉപയോഗിച്ചവയും അല്ലാത്തവയും തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന് ചില ജീവനക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: