കൊളംബോ: ശ്രീലങ്കയിലെ പ്രസിദ്ധമായ ഗോള്‍ ഫെയ്സ് ഹോട്ടലിലെ ജീവനക്കാരനും മലയാളിയുമായ കൊട്ടാരപ്പ് ചാത്തു കുട്ടന് (94) അന്തരിച്ചു. ഇന്നലെ ഇവിടെത്തന്നെ സംസ്കരിച്ചു.
75 വര്‍ഷത്തോളമായി ഈ ഹോട്ടലിലെ ജീവനക്കാരനായിരുന്നു കുട്ടന്. അവസാന നാളുകളില്‍ പേരക്കുട്ടിയുടെ സംരക്ഷണയിലായിരുന്നു അദ്ദേഹം.
ശ്രീലങ്കയിലെ അതിപുരാതന ഹോട്ടലുകളില്‍ ഒന്നാണ് ഗോള്‍ ഫെയ്സ് ഹോട്ടല്‍. അതുകൊണ്ടു തന്നെ ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുള്ള ലോക പ്രസിദ്ധ നേതാക്കളില്‍ ഭൂരിഭാഗം ആളുകളും ഈ ഹോട്ടലിലും എത്തിയിട്ടുണ്ട്.
ഹിരോഹിതോ ചക്രവര്‍ത്തി, റിച്ചാര്‍ഡ് നിക്സണ്, സര് ലോറന്‍സ് ഒലീവര്‍, ജോര്‍ജ് ബെര്‍ണാഡ്, മൗണ്ട് ബാറ്റണ്‍ പ്രഭു, ജവഹര്‍ലാല്‍ നെഹ്റു, പ്രിന്‍സ് എലിസബത്ത്, ഉര്‍സുല ആന്ഡ്രസ്് എന്നിവരടക്കം ഒട്ടനവധി മണ്മറഞ്ഞ ലോക നോതാക്കള്‍ക്ക് കുട്ടന് ആതിഥ്യമരുളിയിട്ടുണ്ട്. ഹോട്ടല്‍ പാരമ്പര്യത്തിനൊപ്പം കുട്ടനും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹോട്ടലിന്റെ സ്വീകരണത്തളത്തില് കുട്ടന്റെ നമസ്തേയും ദീര്‍ഘായുസ് സന്ദേശവും വാങ്ങാതെ ഒരു അതിഥിക്കും കടന്നു പോകാനാവില്ലായിരുന്നു. നരച്ച മുടിയും കപ്പാട മീശയും വെളുത്ത വസ്ത്രവും അതില്‍ നിറയെ അലങ്കരിച്ചിരുന്ന വിവിധ രാജ്യങ്ങളുടെ മുദ്രയും പുഞ്ചിരിയും അതിഥികള്‍ ഒരിക്കലും മറക്കില്ല. അവിടെ മലയാളികളായ സന്ദര്‍ശകരോട് പതിറ്റാണ്ട് പഴക്കമുള്ള മലയാളം പറഞ്ഞ് കൂട്ടുകൂടാനും കുട്ടന് സമയം കണ്ടെത്തിയിരുന്നു.
1938 ല്‍ മാതാപിതാക്കളുടെ മരണത്തിനു ശേഷം കേരളത്തില്‍നിന്നും ശ്രീലങ്കയിലേക്ക് ജോലി തേടിയെത്തിയതാണ് കുട്ടന്. 18 വസ്സായിരുന്നു അന്ന്. ചില്ലറ ജോലികളില്‍ ഏര്‍പ്പെട്ടതിനു ശേഷം ഒരു പോലീസുകാരനാണ് 1942ലാണ് കുട്ടന് ഗോള്‍ ഫെയ്സ് ഹോട്ടലില്‍ ജോലി നേടിക്കൊടുത്തത്. ഇവിടെ വെയ്റ്ററായിട്ടായിരുന്നു തുടക്കം.
വിരമിച്ച ശേഷം പിന്നീട് 1980ലാണ് പ്രവേശന കവാടത്തില്‍ സന്ദര്‍ശകര്‍ക്ക് സ്വാഗതമരുളുന്ന ജോലി ഏറ്റെടുക്കുന്നത്. ഹോട്ടലിലെ 72 വര്‍ഷത്തെ ജോലിയ്ക്കിടെ സ്വന്തം നാടായ കേരളത്തില്‍ ഒരു തവണ മാത്രമാണ് കുട്ടന് സന്ദര്‍ശനം നടത്തിയിട്ടുള്ളത്. അതും ദശാബ്ദങ്ങള്‍ക്കു ശേഷം. ശ്രീലങ്കന്‍ സ്വദേശിനിയാണ് കുട്ടന്റെ ഭാര്യ. ഇവര്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: