പൊന്‍കുന്നം: മലദൈവങ്ങളുടെ പ്രീതിപ്പെടുത്തി മണ്ണിന്റെയും വിളയുടെയും സംരക്ഷണത്തിനും ഐശ്വര്യ വര്‍ദ്ധനവിനുമായി ഇളങ്ങുളം ക്ഷേത്രത്തില്‍ നടക്കുന്ന ആചാരമാണ് വൃശ്ചികം ഒന്നിന് നടക്കുന്ന കരിക്കേറ്. ക്ഷേത്ര മതില്‍ക്കുപുറത്ത് കിഴക്കുവശത്ത് തലപ്പാറ, ചക്കിപ്പാറ എന്നീ രണ്ടു പ്രതിഷ്ഠകളുണ്ട്. തലപ്പാറ, ചക്കിപ്പാറ, കാഞ്ഞിരപ്പാറ, ആഴല്മല, കുവപ്പള്ളിമല, രാമനാമല, നെടുങ്ങാട്മല എന്നീ ഏഴുമലകളിലെ ദേവതകളെ പ്രകീര്‍ത്തിച്ചാണ് കരിക്കേറു വഴിപാട് നടത്തുന്നത്. ഇതിനായി നൂറുകണക്കിന് ഭക്തര്‍ ക്ഷേത്ര നടയില്‍ കരിക്കുകള്‍ സമര്‍പ്പിക്കും.
മൂഴിക്കല്കുടുംബത്തിനാണ് പരമ്പരയായി കരിക്കേറ് നടത്തുന്നതിനുള്ള അവകാശം. കഴിഞ്ഞ 30 വര്‍ഷമായി മൂഴിക്കല്‍ ശ്രീധരനാണ് കരിക്കേറിന് കാര്‍മ്മികത്വം വഹിക്കുന്നത്. കരിക്കേറിനു തലേന്ന് കര്‍മ്മി വാള് ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. പിറ്റേന്ന് പൂജിച്ച വാള് തിരികെ വാങ്ങും. തുടര്‍ന്ന് പൂജകര്മ്മങ്ങള്ക്കുശേഷം മലദേവതകളെ പ്രകീര്‍ത്തിച്ച് ഉറഞ്ഞുതുള്ളി കരിക്കേറ് നടത്തും. ഇന്നലെ നടന്ന കരിക്കേറില്‍ നൂറകണക്കിന് ഭക്തര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: