കോട്ടയം: ചക്കുളത്തുകാവ് ഭഗവതീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ 5ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 5ന് പുലര്‍ച്ചെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. പുലര്‍ച്ചെ 4ന് ഗണപതിഹോമം, നിര്‍മാല്യദര്‍ശനം, 8ന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, രാവിലെ 9ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകരും. തുടര്‍ന്ന് മാതാ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിയിക്കും. എം.പി. വീരേന്ദ്രകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. 11ന് 500ലധികം വേദപണ്ഡിതന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നെള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല സമര്‍പ്പിക്കും. പൊങ്കാല ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം വഹിക്കും. പൊങ്കാല സമര്‍പ്പണത്തിനുശേഷം ജീവതകള്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തി ദിവ്യ അഭിഷേകവും ദീപാരാധനയും നടക്കും.
വൈകിട്ട് 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സെക്രട്ടറി എം. ഗോപാലകൃഷ്ണന്, ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റര്‍ കെ. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന് യുഎന്‍ വിദഗ്ദ്ധ സമിതി ചെയര്മാന് ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നി പകരും.
പൊങ്കാലയ്ക്ക് എത്തുന്ന ഭക്തരെ വരവേല്‍ക്കുന്നതിനും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ആയിരത്തിലധികം വോളന്റിയേഴ്സിനെ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. ഭക്തര്‍ക്കായി പാര്‍ക്കിങ് സൗകര്യവും ഭക്ഷണവിതരണവും ചികിത്സാ സൗകര്യവും ഒരുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കൂടാതെ ക്ഷേത്രത്തിലെ പന്ത്രണ്ടുനോയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. 19ന് നാരീപൂജയും 26ന് തിരുവാഭരണഘോഷയാത്രയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ക്ഷേത്രംകാര്യദര്ശി മണിക്കുട്ടന് നമ്പൂതിരി, അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, ഉത്സവകമ്മറ്റി പ്രസിഡന്റ് പി.ഡി. കുട്ടപ്പന്, സെക്രട്ടറി സന്തോഷ് ഗോകുലം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: