കാന്‍ബെറ: ലോകസമാധാനം ഉറപ്പാക്കാന്‍ ഇന്ത്യയും ആസ്ട്രേലിയയും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ മൂല്യങ്ങളില്‍ സമാന ചിന്താഗതിക്കാരാണ് ഇരു രാജ്യങ്ങളെന്നും ഇന്ത്യയുടെ വികസനത്തിന് ആസ്ട്രേലിയക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആസ്ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ കൈമാറ്റം ചെയ്യുന്ന മൂല്യങ്ങളുടെ പ്രതീകമായാണ് താന്‍ കാന്‍ബെറയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതെന്ന് മോദി പറഞ്ഞു.
ആസ്ട്രേലിയ ലക്ഷ്യംവെക്കുന്നതുപോലെയുള്ള ഭാവിയാണ് ഇന്ത്യയും സ്വപ്നം കാണുന്നത്. ആഗോളസമാധാനത്തിനായി ഇരുരാജ്യങ്ങള്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാനാകും. ഇന്ത്യയുടെ പ്രധാന ചങ്ങാതിയായി ആസ്ട്രേലിയയെ പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പിന്നീട് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടുമായി അദ്ദേഹം കൂട്ടിക്കാഴ്ച നടത്തി. ഇന്ത്യയും ആസ്ട്രേലിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഇരു രാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു. സാമൂഹ്യ സുരക്ഷ, കുറ്റവാളികളെ കൈമാറല്‍, മയക്കുമരുന്ന വ്യാപാരം ചെറുക്കല്‍, വിനോദസഞ്ചാരം, കലസാംസ്കാരികം എന്നീ മേഖലകളിലായാണ് കരാറുകള്‍ ഒപ്പിട്ടത്.
ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സാമൂഹ്യസുരക്ഷ സംബന്ധിച്ചതുമായ കരാറുകളാണ് ഇവ. മയക്കുമരുന്ന് കള്ളക്കടത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയുള്ള ധാരണാപത്രവും ഒപ്പിട്ടതായി ഔദ്യോഗിക പ്രസ്താവന പറഞ്ഞു.
ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആസ്ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: