അമ്പലപ്പുഴ: കൊയ്തെടുത്ത നെല്ല് കൊണ്ടുപോകാന്‍ മാര്‍ഗമില്ലാതെ കെട്ടികിടക്കുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം നാലുപാടം പാടശേഖരത്തിലെ കൊയ്തെടുത്ത നാന്നൂറോളം ടണ്‍ നെല്ലാണ് കരയ്ക്കെത്തിക്കാന്‍ മാര്‍ഗമില്ലാതെ കിടക്കുന്നത്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച കര്‍ഷകര്‍ ഭൂമി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 450 ഏക്കറില്‍ 294 കര്‍ഷകരാണ് നാലുപാടത്ത് കൃഷി ചെയ്യുന്നത്.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ ഇതിന് ചുറ്റും അമ്പലപ്പുഴ ആലപ്പുഴ കായലാണ്. ഒരു കാലത്ത് വ്യാപാര കനാല്‍ എന്നറിയപ്പെട്ടിരുന്ന ഈ കനാല്‍ മുഴുവന്‍ പോള മൂടിക്കിടക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ കര്‍ഷകരും നാട്ടുകാരും ചേര്‍ന്ന് ഇതിലെ പോള നീക്കം ചെയ്തിരുന്നു. മൂന്ന് വര്‍ഷമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായലിലെ പോള നീക്കം ചെയ്തത് മൂലം വള്ളങ്ങള്‍ക്ക് സുഗമമായി പാടശേഖരത്തിന് സമീപം എത്താന്‍ കഴിയുമായിരുന്നു. ഇവിടെ നിന്ന് വള്ളങ്ങളിലാണ് നെല്ല് സംഭരിച്ച് കൊണ്ടുപോയിരുന്നത്.
എന്നാല്‍ ഇക്കുറി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോള നീക്കം ചെയ്യണമെന്ന് കാട്ടി പാടശേഖര സമിതി ഭാരവാഹികള്‍ പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോള നീക്കം ചെയ്യാന്‍ കഴിയില്ലന്ന് കാണിച്ച് കൊയ്ത്തിന് മുന്‍ ദിവസമാണ് പഞ്ചായത്തില്‍ നിന്ന് മറുപടി ലഭിച്ചത്. ഇപ്പോള്‍ നാനൂറ് ടണ്‍ നെല്ല് കൊയ്ത് കഴിഞ്ഞു. നെല്ലെടുക്കാന്‍ മില്ലുടമകള്‍ എത്തിയെങ്കിലും കൊണ്ടുപോകാന്‍ മാര്‍ഗമില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ തിരികെ പോയി. കൊയ്തെടുത്ത നെല്ല് മുഴുവന്‍ ഒരാഴ്ചയായി പാടശേഖരത്തിന് അരികില്‍ കര്‍ഷകര്‍ കൂട്ടിയിട്ടിരിക്കുകയാണ്. തുടര്‍ച്ചയായ മഴമൂലം നെല്ല് കിളിര്‍ക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
കാല്‍നട യാത്ര പോലും സാധിക്കാത്ത റോഡാണ് പാടശേഖരത്തിലേക്കുള്ളത്. ഏകദേശം 800 ടണ്‍ നെല്ല് കൂടി കൊയ്തെടുക്കാനുണ്ട്. ഈ സാഹചര്യത്തില്‍ ഇനി ഇത് കൊയ്തെടുക്കേണ്ടെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍. അടുത്ത കൃഷിയും ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. ഏക്കറിന് 30,000 കൂടുതല്‍ രൂപ ചെലവഴിച്ചാണ് കൃഷി ചെയ്തത്. അടിയന്തരമായി പോള നീക്കം ചെയ്ത് നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പാടശേഖര സമിതി സെക്രട്ടറി അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: