ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയായ നാസ്തി കോട്ടില്‍ സ്കൂള്‍ ബസിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ടു പേര് മരിച്ചു. ബസ് ഡ്രൈവറും 11 വയസുള്ള ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്കൂള്‍ ബസ് കടന്നു പോകുമ്പോള്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്കൂള്‍ബസ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.പാകിസ്താന് അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്ന പരചിനാര്‍ ജില്ലയിലാണ് സംഭവം. പാകിസ്താനിലെ ഗോത്രനിയമങ്ങള് പാലിക്കപ്പെടുന്ന ഏഴ് പ്രദേശങ്ങളിലൊന്നാണ് ആക്രമണം നടന്ന കുരാം മേഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: