കോട്ടയം: മണ്ഡലം കാലം ആരംഭിച്ചതോടെ ക്ഷേത്രങ്ങളില്‍ അയ്യപ്പഭക്തരുടെ ശരണം വിളിയാല്‍ മുഖരിതമായി. ഇനി 41 നാള് വ്രതശുദ്ധിയുടെ നാളുകള്‍. ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍തന്നെ നിര്‍മാല്യദര്‍ശനത്തിനായി ഭക്തര്‍ എത്തിച്ചേര്‍ന്നു. നിര്‍മാല്യദര്‍ശനം, വിശേഷാല്‍ പൂജകള്‍, വഴിപാടുകള്‍ എന്നിവയും ഗണപതിഹോമവും രാവിലെ നടന്നു. വൈകിട്ട് ദീപാരാധന, ഭജന, ചിറപ്പ് മഹോത്സവം, ശരണംവിളി എന്നിവ ഇന്നലെ മുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ ആരംഭിച്ചു.
മിക്ക ക്ഷേത്രങ്ങളിലും അയ്യപ്പഭക്തരുടെ സാന്നിദ്ധ്യം ഇന്നലെപുലര്ച്ചെതന്നെയുണ്ടായിരുന്നു. വ്രതശുദ്ധിയോടെ മാലയണിയുന്നതിനും കെട്ടുനിറയ്ക്കുമായി ധാരാളം അയ്യപ്പഭക്തര്‍ മഹാക്ഷേത്രങ്ങളില്‍ ഇന്നലെ തന്നെ എത്തിച്ചേര്‍ന്നു.
കറുകച്ചാല്‍: നെടുംകുന്നം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ മണ്ഡലം ചിറപ്പു മഹോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 27 നു സമാപിക്കും. എല്ലാ ദിവസവും ദീപാരാധന, വിശേഷാല്‍ പൂജകള്‍, എന്നിവ ഉണ്ടായിരിക്കും.
മണിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്കു മഹോത്സവത്തിന് തുടക്കമായി. പരമ്പരാഗത ശബരി തീര്‍ത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായക്ഷേത്രത്തിലെ മണ്ഡലകാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അയ്യപ്പ ഭക്തന്മാര്ക്ക് വിരിവയ്ക്കാനായി പുതിയ വിരിപ്പന്തലും അതിനു പുറമെ ശൗചാലയം ക്ഷേത്രക്കടവ് എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനവും പൂര്‍ത്തിയായി മണ്ഡല കാലത്ത് എല്ലാ ദിവസങ്ങളിലും അന്നദാനവും ചുക്കുവെളളവിതരണവും നടക്കും. ക്ഷേത്രചടങ്ങുകള്‍ക്ക് മേല്‍ശാന്തി അര്ജുന് മുഖ്യകാര്‍മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: