ആലുവ: കീഴ്മാട് പഞ്ചായത്ത് ഓഫീസിലേക്കും ക്യാന്റീനില്‍ ഭക്ഷണമുണ്ടാക്കുവാനും വെള്ളം സംഭരിക്കുന്ന ടാങ്കില്‍ ചത്ത എലിയും കാക്കയും മാലിന്യങ്ങളുടെ കൂമ്പാരവും കണ്ടെത്തി. ഇതോടെ ഈ ടാങ്കുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്ത് ക്യാന്റീന് അടച്ചുപൂട്ടി.
പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള കമ്മ്യൂണിറ്റി ഹാളിന്റെ മുകളിലാണ് മൂന്ന് പിവിസി വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചിരുന്നത്. ഞായറാഴ്ചത്തെ വിവാഹാവശ്യത്തിനായി കമ്മ്യൂണിറ്റി ഹാള്‍ വാടകക്കെടുത്തവര്‍ വെള്ളിയാഴ്ച്ച രാത്രി നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. പൈപ്പില്‍ നിന്ന് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
കമ്മ്യൂണിറ്റി ഹാള്‍ കോമ്പൗണ്ടിലെ കുഴല്‍ കിണറില്‍ നിന്ന് 2000 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്കില്‍ ആദ്യം വെള്ളം നിറക്കും. ഈ ടാങ്കില്‍ നിന്നാണ് പഞ്ചായത്ത് ഓഫീസിലേക്കുള്ള ആവശ്യത്തിന് വെള്ളം എടുക്കുന്നത്.
ആദ്യ ടാങ്ക് നിറഞ്ഞതിന് ശേഷം 1000 ലിറ്റര്‍ വീതം കൊള്ളുന്ന മറ്റ് രണ്ട് ടാങ്കുകളിലേക്ക് വെള്ളം നിറക്കുന്നതിനുള്ള സംവിധാനവുമുണ്ട്. ഈ ടാങ്കുകളില്‍ നിന്നാണ് ക്യാന്റിനിലേക്കും, കമ്മ്യൂണിറ്റി ഹാളിലേക്കും വെള്ളം നല്‍കിയിരുന്നത്. അടപ്പില്ലാത്ത രണ്ട് ടാങ്കുകളും വൃത്തിയാക്കാത്തതിനാല്‍ ചെളിവെള്ളമാണ് കുറച്ചു ദിവസമായി ക്യാന്റീനില്‍ ലഭിച്ചിരുന്നത്. കൃത്യമായി വെള്ളം വരാതായതോടെ വലിയ ടാങ്കില്‍ നിന്ന് വരുന്ന വെള്ളമാണ് ക്യാന്റീന് നടത്തിപ്പുക്കാര്‍ ഉപയോഗിച്ചിരുന്നത്.
ഈ ടാങ്കിന് മൂടിയുണ്ടെങ്കിലും ഇതില്‍ നിന്നാണ് എലിയെ കണ്ടെത്തിയത്. മറ്റ് രണ്ട് ടാങ്കുകളില്‍ നിന്ന് കാക്കകുഞ്ഞിനെയും, ചീഞ്ഞളിഞ്ഞ ഇലകളും കണ്ടെത്തി. സംഭവം വിവാദമായതോടെ ശനിയാഴ്ച പതിനൊന്ന് മണിയോടെ സ്ഥലത്തെത്തിയ പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്തിലെ മന്ദാരം കുടുംബശ്രീ യൂണിറ്റ് നടത്തുന്ന കാന്റീന് പൂട്ടി. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വൈകിട്ടോടെ പഞ്ചായത്ത് ആളെ നിര്‍ത്തി ടാങ്ക് വൃത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: