ആലപ്പുഴ: രണ്ടുപതിറ്റാണ്ടായി തരിശുകിടന്ന ചിത്തിരക്കായല് പാടശേഖരം കൃഷിക്കൊരുങ്ങി. 16ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിത ഉദ്ഘാടനം നിര്‍വഹിക്കും. കായലിലെ നിലമൊരുക്കല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചുവരുന്നു. 715 ഏക്കര്‍ വരുന്ന ചിത്തിര കായലിലെ 406 ഏക്കറിലാണ് കൃഷി ചെയ്യുക. കക്കാ ഖനനം മൂലം കുഴിയായ നിലം ഉണക്കിയശേഷം ഒരുക്കിയെടുത്ത് അടുത്ത വര്‍ഷമേ കൃഷിയിറക്കൂ.
ജലനിര്‍ഗമനത്തിനുള്ള ചാലുകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് എടുത്തുകഴിഞ്ഞു. നെല്‍വിത്ത് മുളപ്പിക്കാന്‍ തുടങ്ങി. 20 ടണ്‍ ഉമ ഇനത്തിലുള്ള വിത്താണ് തയാറായിരിക്കുന്നത്. 60 കുതിരശക്തിയുള്ള നാലു പമ്പുകളും 40 കുതിരശക്തിയുള്ള ഒരു പമ്പും ഉപയോഗിച്ച് ഒരുമാസം കൊണ്ടാണ് കായലിലെ വെള്ളം പൂര്‍ണമായി വറ്റിച്ചത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി 24 കോടി രൂപ ചെലവഴിച്ചുള്ള ബണ്ടു ബലപ്പെടുത്താനുള്ള പ്രവൃത്തികള്‍ 98 ശതമാനവും പൂര്‍ത്തീകരിച്ചു. 90 ലക്ഷം രൂപ മുടക്കിയാണ് റാണി-ചിത്തിര കായലിലേക്ക് വൈദ്യുതി കണക്ഷന് എത്തിച്ചത്. നാലുകോടിയോളം രൂപയാണ് പാടശേഖരസമിതി കൃഷിക്കായി വിനിയോഗിക്കുക. ചാലുകള്‍ എടുക്കുന്നതിന് സര്‍ക്കാര്‍ 3.6 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പാടശേഖരത്തെ വെള്ളം വറ്റിക്കുന്നത് പ്രായോഗികമാണോയെന്നും ബണ്ടു തകരുമെന്നുമുള്ള ആശങ്ക കര്‍ഷകരെ അലട്ടിയിരുന്നെങ്കിലും വെള്ളം വറ്റിക്കഴിഞ്ഞപ്പോള്‍ ആശങ്കയൊഴിഞ്ഞു. തരിശുകിടന്ന പാടങ്ങളില്‍ കൃഷിയിറക്കുന്നതിനുള്ള നടപടികള്‍ക്ക് ആവേശം പകരുന്നതാണ് ചിത്തിരക്കായലിലെ കൃഷിയിറക്കലെന്നും കളക്ടര്‍ പറഞ്ഞു. രേഖകള്‍ പ്രകാരം 1996 ലാണ് അവസാനമായി ചിത്തിരക്കായലില്‍ കൃഷിയിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: