പാലക്കാട്: ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം ഭക്ഷണത്തിനും ചികിത്സക്കും വഴിയില്ലാതെ കടുത്ത ദാരിദ്ര്യം അനുഭവിക്കുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യ പത്മജയും ഒടുവില്‍ ഉണ്ണികൃഷ്ണന് ഫൗണ്ടേഷന് പ്രസിഡന്റ് കെ ഇ പത്മനാഭനും സെക്രട്ടറി സി ആര് സജീവനും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു സ്വകാര്യ ചാനലില്‍ ഇത് സംബന്ധിച്ച വാര്‍ത്ത വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ചതാണെന്നും അവര്‍ വ്യക്തമാക്കി.
ഒടുവിലിന്റെ മൂത്ത മകള്‍ പത്മിനിയുടെ മകള്‍ ശ്വേത ശാരീരികവും മാനസികവും വൈകല്യവുമുള്ള കുട്ടിയാണ്. ഇത്തരം രോഗത്തില്‍ നിന്നുണ്ടായ വേദനയാണ് പത്മിനി ചാനലുകാരോട് പങ്ക് വെച്ചത്. അത് ഒരിക്കലും ദാരിദ്ര്യത്തിന്റെ പ്രശ്നമല്ല. രോഗങ്ങള്‍ മൂലമുള്ള അവശതകളെക്കുറിച്ച് പത്മിനി പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. പത്മിനിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുമില്ല. രണ്ടാമത്തെ മകള്‍ ശാലിനി കുടുംബ സമേതം തൃശൂരിലാണ് താമസം.
ചാനലില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സിനിമയിലുളളവരടക്കം പലരും സത്യാവസ്ഥ അറിയാന്‍ വിളിക്കുകയുണ്ടായതെന്നും ഉണ്ണികൃഷ്ണന്റെ ഭാര്യ പത്മജ പറഞ്ഞു. ഉണ്ണിയേട്ടന് അഭിനയം വഴി കോടിശ്വരനായില്ലെങ്കിലും ഞങ്ങള്‍ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കി തന്നിട്ടുണ്ടെന്നും കേരളശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഒടുവില്‍ ഫൗണ്ടേഷനും നല്ല സഹകരണമാണ് നല്‍കുന്നതെന്നും മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: