മട്ടാഞ്ചേരി: കൊച്ചിയുടെ ‘സിഗ്നേച്ചര്‍’ ആയ ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണി ഇനിയും തുടങ്ങിയില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നവംബര്‍ ഒന്നിന് പാലം അറ്റകുറ്റപ്പണി തുടങ്ങുമെന്നും, ഡൊമനിക് പ്രസന്റേഷന് എംഎല്‍എ നവംബര്‍ ആദ്യവാരത്തില്‍ പണിതുടങ്ങുമെന്നും പറഞ്ഞിരുന്നു.
മട്ടാഞ്ചേരിയിലേക്കുള്ള ബിഒടി പാലം തുറന്നതോടെ 2000 ആഗസ്തില്‍ അടച്ചുപൂട്ടിയ പാലം തുടര്‍ന്ന് അനാഥത്വത്തിലായി. പിന്നീട് പിഡബ്ല്യുഡി താല്‍ക്കാലികമായി അറ്റകുറ്റപ്പണി നടത്തി. എന്നാല്‍ പാലത്തിന്റെ സവിശേഷതയായ നടുവിലത്തെ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുന്നതിലും, ഇതിലൂടെ സഞ്ചാരയോഗ്യമാക്കുന്നതിലും സര്‍ക്കാര്‍ ഏജന്‍സികളും ജനപ്രതിനിധികളും നടത്തുന്ന അവഗണന ജനങ്ങള്‍ക്കിടയില്‍ ഒട്ടേറെ സമരങ്ങള്ക്കിടയാക്കിയിരുന്നു.
പാലത്തിന്റെ നടുവിലത്തെ ലിഫ്റ്റിന്റെ ഒരു പലക തകര്‍ന്നിട്ട് ആറുമാസത്തിലേറെയായി. തമ്പകം മരപ്പലകയാണിതെന്ന് ചൂണ്ടിക്കാട്ടി പലക ലഭ്യതയുടെ പേരില്‍ അറ്റകുറ്റപ്പണി നടത്താതെ ഇരുവരും ഒഴിഞ്ഞുമാറുകയും ചെയ്തു. ഒടുവില്‍ വനംവകുപ്പ് പലക നല്‍കാമെന്ന് അറിയിച്ചിട്ടും നിര്‍മ്മാണം തുടങ്ങുവാന്‍ കാലതാമസം നേരിടുകയാണ്. പാലത്തില്‍ പലക സ്ഥാപിച്ച് ഇരുമ്പ് ഷീറ്റുകള്‍ ശരിയാക്കിയാല്‍ ഇരുചക്ര-മുച്ചക്ര വാഹനങ്ങളും ചെറുകാറുകളും ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയും.
എന്നാല്‍ ഓരോ കാലഘട്ടത്തിലും ഒഴിവുകള്‍ നിരത്തി പാലം നന്നാക്കുന്നതില്‍ അവഗണന തുടരുകയും ചെയ്യുന്നു. മന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില കല്‍പ്പിക്കുന്ന സമീപനമാണ് പൊതുമരാമത്ത് വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ ആവശ്യപ്പെട്ട രേഖയില്‍ 61 ലക്ഷം രൂപ ചെലവഴിച്ചുള്ള അറ്റകുറ്റപ്പണിക്ക് ഗാരന്റി നല്കാന് കഴിയില്ലെന്നും, പണി നവംബര്‍ ഒന്നിന് നടത്താന്‍ കഴിയില്ലെന്നുമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ മറുപടി നല്‍കിയത്.
വനംവകുപ്പ് അധികൃതരില്‍നിന്ന് തമ്പകമരം ഏറ്റെടുത്തിട്ടില്ലെന്നും ഇവര്‍ ലോകയുക്ത മുമ്പാകെ വെളിപ്പെടുത്തുകയും ചെയ്തു. കൊച്ചിയുടെ പൈതൃകമായി ഹാര്‍ബര്‍ പാലം നിരന്തരം അവഗണനയിലൂടെ തകരുന്നത് കാത്തിരിക്കുകയാണ് അധികൃതരെന്നാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പാലം അറ്റകുറ്റപ്പണി ഉടന്‍ തുടങ്ങിയില്ലെങ്കില്‍ പൊതുമരാമത്ത് ജില്ലാ ഓഫീസ് അടക്കമുള്ള കേന്ദ്രങ്ങളില്‍ സമരത്തിനൊരുങ്ങുകയാണ് ജനകീയ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: