കോട്ടയം: ആറാമത് കേരള വെറ്റിനറി സയന്‍സ് കോണ്‍ഗ്രസ് കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ ആരംഭിച്ചു. കേരള വെറ്റിനറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.പി. ബാലക്യഷ്ണന് ഉദ്ഘാടനം ചെയ്തു. വെറ്റിനറി രംഗത്ത് ആണ്‍കുട്ടികളുടെ മേധാവിത്വമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഈ രംഗത്ത് പ്രവേശനം നേടിയവരില്‍ 75 ശതമാനവും പെണ്‍കുട്ടികളാണ്. കൂടാതെ വെറ്റിനറി സിലബസില്‍ നാലാം സെമസ്റ്ററില്‍ ചെറിയ മ്യഗ ചികിത്സ, വലിയ മ്യഗ ചികിത്സ, ലാബ് വിഭാഗം, ഫാം വിഭാഗം എന്നിവ ഒരു വിഷയമായി ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വെറ്റിനറി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഇത് കൂടുതല്‍ പ്രയോജനപ്പെടും. വിദേശ രാജ്യങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ കടന്നു വരുന്നത് ചെറിയ മൃഗ ചികിത്സയിലേക്കാണ്.
ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന് പ്രസിഡന്റ് ഡോ. യോഹന്നാന് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന് ജനറല്‍ സെക്രട്ടറി ഡോ. കുര്യന് കെ. ജേക്കബ്, ഡോ. വിജയകുമാര്‍, ഡോ. കെ.ആര്. അരുണ്‍കുമാര്‍, ഡോ. ജോര്‍ജ് കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ആനിമല്‍ ഹസ്ബന്‍ഡറി വിഭാഗം ഡയറക്ടര്‍ ഡോ. ബ്രഹ്മാനന്ദന് കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട പേപ്പറുകള്‍ പ്രകാശനം ചെയ്തു.
ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്, ആനിമല്‍ ഹസ്ബന്‍ഡറി വിഭാഗം, കേരള വെറ്റിനറി വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസം നടക്കുന്ന കോണ്‍ഗ്രസില്‍ ഏകദേശം 300 ഓളം പേരാണ് പങ്കെടുക്കുന്നത്. അഞ്ച് വിഭാഗങ്ങളായി തിരിച്ച് 107 പേപ്പറുകളും 80 പോസ്റ്റല്‍ അവതരണങ്ങളുമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: