പാലക്കാട്: നിലവില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വകാര്യ വിദ്യാലയങ്ങള്‍ക്കും അംഗീകാരം നല്കി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് നാഷണല്‍ ഫെഡറേഷന് ഓഫ് പ്രൈവറ്റ് സ്കൂള്‍സ് അസോസിയേഷന് ആവശ്യപ്പെട്ടു.
അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും 90 ശതമാനത്തിലേറെ വിദ്യാലയങ്ങള്‍ക്ക് അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ലാത്ത അവസ്ഥയാണിപ്പോള്‍. സര്‍ക്കാറിന്റെ ന്യായീകരിക്കാനാവാത്ത സമീപനമാണ് കാരണം. ജില്ലയില്‍ 370 ഓളം സ്കൂളുകളിലായി അധ്യാപകരടക്കം പതിനായിരകണക്കിനാളുകളാണ് ജോലി ചെയ്ത വരുന്നത്. അംഗീകാരം ലഭിക്കാതെ ഈ മേഖലയിലെ സ്കുളുകള്‍ അടച്ച് പൂട്ടുന്നതോടെ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുക.
ഇത്തരമൊരു പശ്ചാത്തലത്തില്‍ 1957 ല്‍ എല്ലാ എയ്ഡഡ് സ്കൂളുകളെയും എയ്ഡഡ് സ്കുളുകളായി മാറ്റിയത് പോലെ സ്ഥലപരിമിതിയും ദൂരപരിധിയും നോക്കാതെ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും അംഗീകാരം നല്‍കണം. സ്കൂളുകള്‍ക്ക് അംഗികാരം നല്‍കുക, ഈ മേഖലയില്‍ ജോലിയെടുക്കുന്ന ഒന്നര ലക്ഷത്തിലധികമുള്ള ജീവനക്കാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് 11ന് രാവിലെ ഡി ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ കെ അബ്ദുള്‍ഖാദര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജന സെക്രട്ടറി രാധാകൃഷ്ണന്‍നായര്‍ കൊല്ലം ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി എം ജയപ്രകാശ്, ട്രഷറര്‍ പി കെ രാമദാസന്, ജോ സെക്രട്ടറിമാരായ റീത്ത പ്രമീള, കെ എം രമേഷ്, വൈസ് പ്രസിഡന്റ് ജാസ്മിന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: