പറവൂര്‍: നാല്‍പ്പത്തിരണ്ട് വര്‍ഷം നാടകവേദിയില്‍ നിറസാന്നിധ്യമായ ആലുവ വടക്കേ വാഴക്കുളം നിരവത്ത് വീട്ടില്‍ കൃഷ്ണമുരളി (52)യാണ് കാല് മുറിച്ചുമാറ്റി പറവൂര്‍ ഡോണ്‍ബോസ്കോ ആശുപത്രിയില്‍ കഴിയുന്നത്. സപ്തംബര്‍ 29ന് ആലുവ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റില് ബസ് കാത്തുനിന്ന കൃഷ്ണമുരളിയുടെ വലതുകാലില്ക്കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.
ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് മതിയായ ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഒരു വിരല്‍ മുഴുവനായി മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും 16 ദിവസം കാലില്‍ ഡ്രസ് ചെയ്തതല്ലാതെ വേറൊരു ചികിത്സയും നല്‍കാതെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഇവിടെ ഡോക്ടര്‍ വന്നുനോക്കണമെങ്കില് ഡോക്ടറെ ‘വേണ്ട രീതിയില്‍’ പോയി കണ്ടാല്‍ മാത്രമേ വന്ന് നോക്കുകയുള്ളൂവെന്ന് ഒരു അറ്റന്റര്‍ പറഞ്ഞതായി കൃഷ്ണമുരളി പറയുന്നു. തന്റെ കൈയില്‍ പണമില്ലാത്തുകൊണ്ടാണ് ഡോക്ടര്‍മാര്‍ തന്നെ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്നത്.
മെഡിക്കല്‍ കോളേജില്‍നിന്ന് വീട്ടിലെത്തിയ തനിക്ക് വേദന സഹിക്കാതെ വന്നപ്പോള്‍ മറ്റു സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ ചെന്നെങ്കിലും മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതുകൊണ്ട് ആരും നോക്കുവാന്‍ തയ്യാറായില്ല. അങ്ങനെയാണ് പറവൂര്‍ ഡോണ്‍ബോസ്കോ ആശുപത്രിയിലെത്തിയത്. ഇവിടെ ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ മുറിവില്‍നിന്നുള്ള അണുബാധ കാരണം പാദം മുറിച്ചുമാറ്റുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലം ഒരു വിരല്‍ മുറിക്കേണ്ടിടത്ത് കാല്‍പ്പാദം മുറിച്ചുമാറ്റേണ്ടതായി വന്നു. 20 വര്‍ഷമായി വാഴക്കുളത്തുനിന്നും പോന്നിട്ട് ഇപ്പോള്‍ അടുവാശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് കൃഷ്ണമുരളി.
കേരളത്തിലെ പ്രസിദ്ധമായ പല നാടകസമിതികളുടെ പ്രധാന നടനായും സംവിധായകന്, നാടകരചന എന്നീ നിലകളിലും പ്രഗല്ഭനായ മുരളിക്ക് കാല് നഷ്ടപ്പെട്ടതോടുകൂടി ഇനി നാടകവേദിയിലേക്ക് വീണ്ടുമെത്താനാവില്ല. ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന സങ്കടത്തിലാണ് ഇയാള്‍. ഇതുവരെ സുഹൃത്തുക്കളുടെ സഹായത്താലാണ് മുന്നോട്ടുപോയത്. കൃഷ്ണമുരളിയുടെ സാമ്പത്തികസ്ഥിതി മനസ്സിലാക്കിയ ആശുപത്രി അധികൃതര്‍ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യവുമായി മുഖ്യമന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി, ഗതാഗതവകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കൃഷ്ണമുരളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: