ആലപ്പുഴ: കുട്ടികള്‍ കുറവായതും ഫോക്കസ് 15ല്‍ തിരഞ്ഞെടുക്കപ്പെട്ടതുമായ 145 സ്കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ എസ്എസ്എ പ്ലാനിങ് ആന്‍ഡ് മോണിട്ടറിങ് കമ്മറ്റി യോഗത്തില്‍ തീരുമാനം. ഓട്ടിസം ബാധിച്ച കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ മേഖല തിരിച്ച് ശേഖരിക്കും. ജില്ലയില്‍ നിലവില്‍ രണ്ടിടത്താണ് ഓട്ടിസം സെന്റര്‍ ഉള്ളത്. കൂടുതല്‍ സെന്ററുകള്‍ തുടങ്ങാനുള്ള സാധ്യതയും പരിശോധിക്കും. വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതരുടെ യോഗം വിളിച്ചു ചേര്‍ക്കും. മൂന്നു മാസത്തിലൊരിക്കല്‍ കമ്മറ്റി യോഗം ചേര്‍ന്ന് ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.
സ്കൂളുകളില്‍ നിലവിലുള്ള ശൗചാലയങ്ങളുടെ സ്ഥിതി സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിദ്യാലയപരിശോധന നടത്തുമ്പോള്‍ ടോയ്ലറ്റുകളുടെ അവസ്ഥ നിര്‍ബന്ധമായും ശ്രദ്ധിക്കണമെന്നും കളക്ടര്‍ എന്‍. പത്മകുമാര്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ക്കു നിര്‍ദ്ദേശം നല്കി. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ഗണിതപഠനം മെച്ചപ്പെടുത്താന്‍ മെട്രിക് മേളയും അപ്പര്‍ പ്രൈമറിയിലെ സയന്‍സ് പഠനം മികച്ചതാക്കാന്‍ ബാലശാസ്ത്രകോണ്ഗ്രസും നടത്തുമെന്ന് സര്‍വ്വശിക്ഷാ അഭിയാന് പ്രോജക്റ്റ് ഓഫീസര്‍ ഡോ.യു. സുരേഷ് കുമാര്‍ പറഞ്ഞു. പാഠപുസ്തകങ്ങളുടെ വിതരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ് അറിയിച്ചു. യൂണിഫോമിന്റെ കാര്യത്തിലും നിലവില്‍ തടസങ്ങള്‍ ഇല്ല. കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: