അമ്പലപ്പുഴ: മത്സ്യതൊഴിലാളി ഷാപ്പിനു മുന്നില്‍ കുഴഞ്ഞുവീണതറിഞ്ഞ് നൂറുകണക്കിനു നാട്ടുകാര്‍ ഷാപ്പിനു മുന്നില്‍ തടിച്ചുകൂടി. നീര്‍ക്കുന്നം തീരദേശറോഡില്‍ സ്ഥിതിചെയ്യുന്ന 67-ാം നമ്പര്‍ ഷാപ്പിനു മുന്നിലാണ് മത്സ്യതൊഴിലാളിയായ ലംബോദരന് കുഴഞ്ഞുവീണുമരിച്ചത്. ഇതേത്തുടര്‍ന്ന് വിവരമറിഞ്ഞ് ഇയാളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഷാപ്പിനു മുന്നില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിലെത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഷാപ്പിലെത്തി കളളുകുടിച്ച് ഏതാനും നിമിഷങ്ങള്‍ക്കകമാണ് കുഴഞ്ഞുവീഴുന്നത്. കള്ളിലെ വിഷാംശം ഉള്ളില്‍ ചെന്നാണോമരിച്ചതെന്നും ബന്ധുക്കള്‍ സംശയിക്കുന്നു. രോഷാകുലരായ ജനക്കൂട്ടം ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും എയ്ഡ്പോസ്റ്റ് എഎസ്ഐ: ശശികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജ്കുമാര്, സ്റ്റാലിന് എന്നിവരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഒഴിവായി. അമ്പലപ്പുഴ സിഐ: സാനുവിന്റെ നേതൃത്വത്തില്‍ മരണം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കി. എന്നാല്‍ മരണകാരണം സംബന്ധിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കിട്ടിയതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി നിയമനടപടി സ്വീകരിക്കുമെന്ന് സിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: