ചേര്‍ത്തല: കക്കാവാരല്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ പോലീസിനെതിരെ പ്രതിഷേധം ശക്തം. പള്ളിപ്പുറം പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം. പോലീസ് ഓടിച്ചതിനെ തുടര്‍ന്ന് കായലില്‍ വീണ വടക്കുംകര കോറുകാട്ട്തറ വീട്ടില്‍ രവി (58)യുടെ മതദേഹം കിട്ടിയതോടെ പ്രകോപിതരായ നാട്ടുകാരെയും ബന്ധുക്കളെയും ശാന്തരാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടു. ഞായറാഴ്ച വൈകിട്ടോടെയാണ് രവിയെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് രാത്രി വൈകിയും നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്ന് തെരെച്ചില്‍ നടത്തിയെങ്കിലും രവിയെ കണ്ടെത്താനായില്ല.
സ്ഥലത്തെത്തിയ പോലീസിനെ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. രവിയുടെ മകനെ എഎസ്ഐ കൈയേറ്റം ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. തുടര്‍ന്ന് ഡിവൈഎസ്പിയും, തഹസില്‍ദാരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും, തെരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും ഉറപ്പ് നല്കിയ ശേഷമാണ് നാട്ടുകാര്‍ പിന്മാറിയത്.
തിങ്കളാഴ്ച നേവിയുടെ സഹായത്തോടെ നടന്ന തെരെച്ചിലില്‍ തവണക്കടവിന് സമീപം ഉച്ചയോടെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹവുമായി ഒരു മണിക്കൂറോളം റോഡില്‍ കുത്തിയിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും, റവന്യൂ വകുപ്പില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന രവിയുടെ മകന് സ്ഥിര ജോലിയും, നഷ്ടപരിഹാരവും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശാന്തരാകുകയായിരുന്നു. പള്ളിപ്പുറം മേഖലയില്‍ നാട്ടുകാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: