മുംബൈ: യാത്രക്കാര്‍ക്ക് അതൊരു അപൂര്‍വ്വകാഴ്ചയും അത്ഭുതവുമായിരുന്നു. തങ്ങളോടൊപ്പം എക്കണോമി ക്ലാസില്‍ യാത്രചെയ്യുന്നത് മറ്റാരുമല്ല തങ്ങളുടെ മുഖ്യമന്ത്രി തന്നെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് വിമാന യാത്ര എക്കണോമി ക്ലാസിലാക്കി ചരിത്രം സൃഷ്ടിച്ചത്, അതും സ്വന്തം ചെലവില്‍.
മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ നിന്നും ഭാര്യക്കും മകള്‍ക്കുമൊപ്പം നാഗ്പൂരിലേക്കായിരുന്നു യാത്ര. ജെറ്റ് എയര്‍വേസിലായിരുന്നു ഫട്നാവിസിന്റെ യാത്ര. ഒപ്പമുണ്ടായിരുന്ന പല യാത്രക്കാര്‍ക്കും അവിശ്വസനീയമായിരുന്നു അത്.
മുഖ്യമന്ത്രിക്കുള്ള ചാര്‍ട്ടേഡ് വിമാനം ഒഴിവാക്കി സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് പാസഞ്ചര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത്.
ഉദ്യോഗസ്ഥര്‍ ഒന്നാം ക്ലാസില്‍ യാത്ര ചെയ്യുന്നതിനും സര്‍ക്കാര്‍ പരിപാടികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടത്തുന്നതിനും നരേന്ദ്ര മോദി സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരും നീങ്ങുന്നതെന്നാണ് സൂചന.
ആര്‍എസ്എസിലെ പ്രവര്‍ത്തനമാണ് തന്റെ ജീവിതത്തെ ചിട്ടപ്പെടുത്തിയതെന്ന് ഒരു അഭിമുഖത്തില്‍ ഫട്നവിസ് പറഞ്ഞു. ലളിതജീവിതമാണ് അതിന്റെ പ്രത്യേകത. അധികാരം ഒരിക്കലും തന്റെ തലക്ക് പിടിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനമേറ്റശേഷം നാഗ്പൂരില്‍ എത്തിയ ഫട്നവിസിന് രാജകീയ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: