മുഹമ്മ: കഞ്ഞിക്കുഴിയില്‍ ജനകീയ ജൈവഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി 25 ലക്ഷം പച്ചക്കറി തൈകള്‍ നടുന്നതിന് തുടക്കമായി. 8,600 കുടുംബങ്ങളിലും 200 വനിതാ പുരുഷ സ്വാശ്രയ കാര്‍ഷിക ഗ്രൂപ്പുകളും സ്കൂളുകളും അങ്കണവാടികളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും പദ്ധതി ഏറ്റെടുത്തു. 18 വാര്‍ഡുകളിലായി 168 അയല്‍ക്കൂട്ടങ്ങളാണ് പ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്നത്. ഡിസംബര്‍ പതിനഞ്ചോടെ വിളവെടുപ്പ് തുടങ്ങും. പഞ്ചായത്തിന്റെ തനതു ഫണ്ടിന് പുറമെ ജില്ലാ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായം പദ്ധതിക്ക് ലഭിക്കും. തരിശുരഹിത നെല്‍കൃഷിയിലൂടെ സംസ്ഥാന കൃഷിവകുപ്പില്‍ നിന്നും രണ്ടാംസ്ഥാനത്തിന് ലഭിച്ച തുകയുള്‍പ്പെടെ 27 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് ചെലവഴിക്കുന്നത്. 330 ഹെക്ടറിലെ കൃഷിയിലൂടെ 4,000 ടണ്‍ പച്ചക്കറി ഉത്പാദനമാണ് ലക്ഷ്യം.
കാന്‍സര്‍രോഗ വിദഗ്ധ ഡോ. ചിത്രതാര ഗംഗാധരന് പദ്ധതി ഉദ്ഘാടനം ചെയ്തു. 60 ശതമാനം കാന്‍സറും ജീവിതശൈലി കൊണ്ട് നമ്മള് ക്ഷണിച്ചുവരുത്തുന്നതാണെന്ന് ഡോ. ചിത്രതാര പറഞ്ഞു. കീടനാശിനികള്‍ തളിച്ച പച്ചക്കറികള്‍ ഉപയോഗിക്കുന്നത് വഴി കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ വ്യതിയാനം വരുത്തുന്നു. തൈറോയ്ഡ് ഗ്രന്ഥിയെ നശിപ്പിക്കുകയും ചെയ്യുന്നു. ജീവിതശൈലി രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. നടി കുളപ്പുള്ളി ലീല മുഖ്യാതിഥിയായി. പച്ചക്കറി കൃഷി ചെയ്ത് നല്ല വരുമാനമുണ്ടാക്കാന്‍ കഴിയുമെന്ന് ലീല പറഞ്ഞു. പച്ചക്കറി തൈ നടീല്‍ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ നിര്‍വഹിച്ചു. പി. തിലോത്തമന് എംഎല്‍എ പച്ചക്കറി തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: