ആലപ്പുഴ: എടിഎം കൗണ്ടറി ല്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും യാതൊരു തുമ്പും ലഭിക്കാതെ പോലീസ് ഇരുട്ടില്‍ത്തപ്പുന്നു. ഫെഡറല്‍ ബാങ്കിന്റെ ആലപ്പുഴ കോണ്‍വെന്റ് സ്ക്വയറിലെ എടിഎമ്മില്‍ നിന്ന് 11 ലക്ഷം കവര്‍ന്ന സംഭവമാണ് പോലീസിന് തലവേദനയായി മാറിയത്. 2009 മാര്‍ച്ച് 21ന് നട്ടുച്ചയ്ക്കായിരുന്നു ജനത്തെ ഞെട്ടിച്ച് കവര്‍ച്ച നടന്നത്. സാങ്കേതിക വൈദഗ്ധ്യത്തോടെയാണ് കവര്‍ച്ച നടന്നത്. എടിഎം കൗണ്ടറോ, മെഷീനോ കുത്തിത്തുറക്കാതെയാണ് ഇത്രയുമധികം പണം തട്ടിയെടുത്തത്. യാതൊരു തെളിവുകളും അവശേഷിക്കാതെ പണം കവര്‍ച്ച ചെയ്തത് പ്രൊഫഷണല്‍ സംഘങ്ങളാണെന്ന് സൂചന ലഭിച്ചെങ്കിലും പോലീസ് അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലയളവിനുള്ളില്‍ അന്വേഷണസംഘത്തിന് പല ഉദ്യോഗസ്ഥരും നേതൃത്വം നല്‍കിയെങ്കിലും ഫലം തഥൈവ.
അതിനിടെ എടിഎമ്മില്‍ പണം നിറയ്ക്കുന്ന സ്വകാര്യ ഏജന്‍സിയുടെ ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മെഷീന് തുറക്കാനുള്ള പാസ്വേര്ഡ് ബാങ്കുമായി ബന്ധപ്പെട്ടവര്‍ക്കും പണം നിറയ്ക്കുന്ന ഏജന്‍സി അധികൃതര്‍ക്കും മാത്രമാണ് അറിയുന്നത്. എടിഎം മെഷീന് യാതൊരു തകരാറും സംഭവിക്കാത്തതിനാല്‍ പാസ്വേര്ഡ് ഉപയോഗിച്ച് തുറന്നായിരിക്കും പണം തട്ടിയെടുത്തതെന്നും സംശയമുയര്‍ന്നിരുന്നു.
അല്ലെങ്കില്‍ ജീവനക്കാര്‍ ഇത്രയും തുക മെഷീനില്‍ നിറയ്ക്കാതെ തട്ടിപ്പ് നടത്തിയതാകാനും സാദ്ധ്യതയുണ്ട്. ഈ രണ്ടു സാദ്ധ്യതകളാണുള്ളതെങ്കിലും പോലീസ് അന്വേഷണം എന്തുകൊണ്ടോ മുന്നോട്ടുപോയില്ല. പിന്നീട് ചേര്‍ത്തലയിലും അമ്പലപ്പുഴയിലുമൊക്കെ എടിഎം തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: