ആലപ്പുഴ: സഹോദരന് മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് വികലാംഗയായ യുവതി വനിത കമ്മീഷന് അദാലത്തില്‍. കൊടുപ്പുന്ന സ്വദേശിയായ യുവതിയാണ് സഹോദരനെതിരെ പരാതിയുമായി അദാലത്തിനെത്തിയത്. താമസിക്കാന്‍ സ്ഥലം നല്‍കാമെന്നു വിശ്വസിപ്പിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു നല്കിയ വിഹിതമായ മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എതിര്‍കക്ഷി ഹാജരാകാത്തതിനാല്‍ അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന് നിര്‍ദേശം നല്കി.
ഭര്തൃസഹോദരന് വീട്ടിലേക്കു പോകാനുള്ള വഴി അടച്ചതായും കള്ളക്കേസില്‍പ്പെടുത്തി ദ്രോഹിക്കുന്നതായും കാട്ടി ചേര്‍ത്തല സ്വദേശി കമ്മീഷനെ സമീപിച്ചു. കേസ് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഹമ്മ എസ്ഐയ്ക്ക് കമ്മീഷന് നിര്‍ദേശം നല്കി. മര്‍ദ്ദിച്ചെന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ മാന്നാര്‍ സ്വദേശിയായ വീട്ടമ്മ നല്കിയ പരാതി കള്ളമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് കമ്മീഷന് കേസ് അവസാനിപ്പിച്ചു. വീട്ടമ്മ മര്‍ദിച്ചതായി പറയുന്ന ദിവസം ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്ന സ്റ്റേഷനിലായിരുന്നില്ല ജോലിയിലുണ്ടായിരുന്നതെന്നും മറ്റൊരു സ്റ്റേഷനിലായിരുന്നെന്നും കമ്മീഷന് കണ്ടെത്തി.
കമ്മീഷന് 82 കേസുകളാണ് പരിഗണിച്ചത്. 39 എണ്ണം തീര്‍പ്പാക്കി. 18 എണ്ണം പൊലീസ് റിപ്പോര്‍ട്ടിനായി കൈമാറി. ആറു കേസുകളില്‍ ആര്ഡിഒയില്നിന്ന് റിപ്പോര്‍ട്ട് തേടി. കക്ഷികളില്‍ ഒരുഭാഗം ഹാജരാകാത്തതിനാല്‍ 19 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷനംഗം ഡോ.ജെ. പ്രമീളാ ദേവി, അഭിഭാഷകരായ പി.ടി. ചന്ദ്രലേഖ, അര്‍ച്ചന, വനിത സിഐ: പ്രസന്ന അമ്പൂരത്ത് എന്നിവര്‍ അദാലത്തില്‍ കേസുകള്‍ കേട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: