മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ 25 ലക്ഷം പച്ചക്കറി തൈകളുടെ നടീല്‍ ഉദ്ഘാടനം കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് നടക്കും. 8,600 കുടുംബങ്ങളിലും ഇരുന്നൂറ് വനിതാ, പുരുഷ സ്വാശ്രയ കാര്‍ഷിക ഗ്രൂപ്പുകളും സ്കൂളുകള്‍, അങ്കണവാടികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പദ്ധതിയില്‍ പങ്കാളികളാകും. ഓരോ വാര്‍ഡിലും ഒരുലക്ഷത്തി മുപ്പതിനായിരം തൈകളാണ് നടുന്നത്. 27 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കൂടാതെ കൃഷിവകുപ്പ് 22 ലക്ഷം രൂപ കൂടി പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. മൊത്തം അരക്കോടി രൂപയോളം ചെലവ് വരും. 4,000 ടണ്‍ അധിക പച്ചക്കറി ഉത്പാദനമാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ആറുമാസം കൊണ്ട് 14 കോടി രൂപയുടെ വരുമാനം കുടുംബങ്ങള്ക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിസംബര്‍ 15 മുതല്‍ വിളവെടുപ്പ് ആരംഭിക്കാനാകുമെന്ന് കൃഷി ഓഫീസര്‍ ജി.വി. റെജി പറഞ്ഞു. നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നടന് ബിജു മേനോന് ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്ത്തികേയന് അദ്ധ്യക്ഷത വഹിക്കും. പച്ചക്കറി തൈ വിതരണം പി. തിലോത്തമന് എംഎല്‍എ നിര്‍വഹിക്കും. പച്ചക്കറി തൈ നടീല്‍ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി മുഖ്യപ്രഭാഷണം നടത്തും. കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന് മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: