അമ്പലപ്പുഴ: പട്ടാപ്പകല്‍ കാറിലെത്തിയ ക്വട്ടേഷന്‍ സംഘം റവന്യൂ ഉദ്യോഗസ്ഥന് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് വീഴ്ത്തി കമ്പിവടിക്കടിച്ച് പരിക്കേല്‍പ്പിച്ചു. പുറക്കാട് പഞ്ചായത്ത് കരൂര്‍ തെക്കേ അറ്റത്ത് വീട്ടില്‍ പുഷ്ക്കരന്റെ മകന് സുനില്‍കുമാറി (43)നാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ദേശിയപാതയില്‍ കരൂര്‍ അയ്യന്‍കോവില്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണം.
ഞായറാഴ്ച അമ്പലപ്പുഴയിലെ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് കാട്ടൂര്‍ സ്വദേശിയായ വരന്റെയും പുറക്കാട്ടുള്ള വധുവിന്റെ ആള്ക്കാര് തമ്മില്‍ വാക്കേറ്റം ഉണ്ടായി. പിന്നീട് വരനോടൊപ്പം എത്തിയവര്‍ തമ്മില്‍ കലഹം ഉണ്ടാക്കുകയും ഭക്ഷണം വലിച്ചെറിയുകയും ആഡിറ്റോറിയത്തിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. നഷ്ടപരിഹാരമായി വധുവിന്റെ വീട്ടുകാരില്‍ നിന്ന് ഓഡിറ്റോറിയം ഉടമ 25,000 രൂപ ഈടാക്കുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് വധുവിന്റെ വീട്ടുകാര്‍ അമ്പലപ്പുഴ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പറഞ്ഞ് പരിഹരിക്കുന്നതിനായി ഇരുകൂട്ടരെയും ഇന്നലെ രാവിലെ അമ്പലപ്പുഴ പോലീസില്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ച വൈകിട്ടത്തേക്ക് മാറ്റിവച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വധുവിന്റെ ബന്ധുകൂടിയായ സുനില്‍കുമാര്‍. ഇയാള്‍ സ്റ്റേഷനില്‍ നിന്നും കരൂരിലുള്ള വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ചര്‍ച്ചയില്‍ പങ്കെടുക്കാനായെത്തിയ വരന്റെ വീട്ടുകാരോടൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ കാറില്‍ പിന്തുടര്ന്ന് ഇടിച്ച് വീഴ്ത്തി അക്രമിക്കുകയായിരുന്നു.
തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ സുനില്‍കുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരനായകലവൂര് കടപ്പുറത്ത് വീട്ടില്‍ സജീവ് (34), കുറ്റിക്കല്‍ വീട്ടില്‍ സുജീഷ്കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്കി. സജീവിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് അക്രമികള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: