കോട്ടയം: നഗരത്തില്‍ സിവില്‍ സപ്ലൈസിന്റെ ചില്ലറ വില്പനശാലയില് ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തിച്ചത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. കത്തിച്ചതില്‍ ധാന്യങ്ങളും സവാള, ഉരുളക്കിഴങ്ങ് എന്നിവ കൂടാതെ ധാരാളം പ്ലാസ്റ്റിക് കവറുകളും ഉണ്ടായിരുന്നു. ഇതോടെ പ്രദേശമാകെ ദുര്‍ഗന്ധം പരന്നു.
സര്‍ക്കാര്‍ ഈ മാസം ശുചിത്വമാസമായി ആചരിക്കുകയും മാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക കാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യാപക പ്രചാരണം നടക്കുന്ന സമയത്തു തന്നെയാണ് കോട്ടയത്തെ സിവില്‍ സപ്ലൈസ് അധികൃതര്‍ ജൈവ- പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് നഗരത്തില്‍ എത്തിയവരെ ദുരിതത്തിലാക്കിയത്. ഗോഡൗണ്‍ വൃത്തിയാക്കിയപ്പോഴുണ്ടായ ഉപയോഗശൂന്യമായ വസ്തുക്കള്‍ മാത്രമാണ് കത്തിച്ചുകളഞ്ഞതെന്നും സാധാരണ എല്ലാ ദിവസവും ഇത്തരം സാധനങ്ങള്‍ കത്തിച്ചു കളയാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ തീയിടാന്‍ കഴിഞ്ഞില്ല.
അത്രയും ദിവസത്തെ മാലിന്യം ഒന്നിച്ചു വന്നതിനാലാണ് കൂടുതല്‍ പുക ഉയര്‍ന്നതെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ വിശദീകരിച്ചു. മാലിന്യ നീക്കം ചെയ്യുന്നതിന് മുനിസിപ്പാലിറ്റി ഇപ്പോള്‍ തയ്യാറാകാത്തതും ഇത്തരത്തില്‍ സംസ്കരിക്കുന്നതിന് തങ്ങളെ നിര്‍ബന്ധിതരാക്കുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: