ആലപ്പുഴ: ഗുണനിലവാരമുള്ള സെക്കന്‍ഡറി വിദ്യാഭ്യാസം എല്ലാവരിലേയ്ക്കും എത്തിക്കുന്നതിനുള്ള ദേശീയ പദ്ധതിയായ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ (ആര്‍എംഎസ്എ) ഭാഗമായി ഫണ്ട് ചെലവഴിക്കുമ്പോള്‍ സ്കൂളുകളിലെ ശൗചാലയങ്ങള്‍ നന്നാക്കുന്നതിനും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും. ആര്‍എംഎസ്എ ജില്ലാതല നീരീക്ഷണ-അവലോകന സമിതി യോഗത്തിലാണ് തീരുമാനം. പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തിയ സര്‍ക്കാര്‍ സ്കൂളുകളിലെ അടിസ്ഥാനസൗകര്യവികസനത്തിന് പണം അനുവദിപ്പിക്കാന്‍ നടപടിയെടുക്കും. ആര്‍എംഎസ്എ പദ്ധതിയെക്കുറിച്ച് അവബോധം നല്‍കുന്നതിന് സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്കായി നവംബര്‍ പത്തിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ക്ലാസ് നടത്തും. ഫണ്ട് പണം ഫലപ്രദമായി വിനിയോഗിക്കാനുള്ള രൂപരേഖയും സ്കൂളുകളുടെ മുന്‍ഗണനാ പട്ടികയും മുന്‍ഗണനാ മേഖലയും തയാറാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ.ജോസ് ചെയര്‍മാനായി സബ് കമ്മിറ്റി രൂപീകരിച്ചു.
ആര്‍എംഎസ്എ പ്രകാരം ആലപ്പുഴ നാലുചിറ ഗവ. സ്കൂളും മാവേലിക്കര കൊല്ലകടവ് ഗവ. മുഹമ്മദന്‍സ് സ്കൂളും ഹൈസ്ക്കൂളാക്കി ഉയര്‍ത്തി. 2013-14ല്‍ ജില്ലയില്‍ 91.24 ലക്ഷം രൂപ ചെലവഴിച്ചു. 60 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വാര്‍ഷിക ഗ്രാന്റായി 30 ലക്ഷം രൂപ നല്കി. 50 സ്കൂളുകളിലെ അറ്റകുറ്റപ്പണിക്കായി 1.25 ലക്ഷം രൂപയും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുള്ള പ്രത്യേക പരിശീലനത്തിനായി 9.51 ലക്ഷം രൂപയും ചെലവഴിച്ചു.
2.85 ലക്ഷം രൂപ ചെലവഴിച്ച് 90 സ്കൂളുകളില്‍ സയന്‍സ് കിറ്റും 1.20 ലക്ഷം രൂപ ചെലഴിച്ച് ആറു സ്കൂളുകളില്‍ സ്പോര്‍ട്സ് ഉപകരണങ്ങളും ലഭ്യമാക്കി. ഒമ്പത്, 10 ക്ലാസുകളിലെ അദ്ധ്യാപകര്‍ക്കും സ്കൂള്‍ മാനേജ്മെന്റ് ഡവലപ്മെന്റ് കമ്മറ്റിയംഗങ്ങള്‍ക്കും പരിശീലനം നല്കി. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് തായ്ക്കൊണ്ടോ, കളരി പരിശീലനം നല്കി. ആര്‍എംഎസ്എ പ്രകാരം 2014-15ല്‍ ജില്ലയ്ക്ക് അഞ്ചുകോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: