കൊച്ചി: ജില്ലയിലെ വിവിധ മേഖലകളില്‍ ഗതാഗതം സുഗമമാക്കുന്നതിന് ജല, റോഡ് ഗതാഗത മാര്‍ഗങ്ങള്‍ സമന്വയിപ്പിക്കുന്ന ബഹുതല സംവിധാനത്തെ കുറിച്ച് പഠനം നടത്താന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ബോട്ട് സര്‍വീസ്, ബോട്ടുജെട്ടികളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് എന്നിവയാണ് പരിഗണിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ്, ജലഗതാഗത വകുപ്പ്, പോലീസ് എന്നിവര്‍ സംയുക്തമായാണ് ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
വൈറ്റില-കാക്കനാട് ബോട്ട് സര്‍വീസിന്റെ മാതൃകയില്‍ വിവിധ സ്ഥലങ്ങളിലേക്ക് ബോട്ട് സര്‍വീസ് നടത്തുന്നതാണ് പരിഗണനയിലുള്ളതെന്ന് വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. ഇരുചക്രവാഹനങ്ങള്‍ കയറ്റാനാകുന്ന വേഗം കൂടിയ ബോട്ടുകള്‍ സര്‍വീസിനിറക്കിയാല്‍ പ്രയോജനപ്പെടുത്താന്‍ നിരവധി പേര് മുന്നോട്ടു വരും. വരാപ്പുഴ മേഖലയിലെ ദ്വീപസമൂഹങ്ങള്‍ക്കും പിന്നോക്കപ്രദേശങ്ങള്ക്കും മുന്‍തൂക്കം നല്‍കിയാണ് പദ്ധതി ആവിഷ്കരിക്കുക. വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ഫെറിയിലും ബോട്ട് സര്‍വീസ് കാര്യക്ഷമമായി നടത്താനാകുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
വൈറ്റില കാക്കനാട് ബോട്ട് യാത്രക്കാര്‍ക്കായി ചിറ്റേത്തുകരയില്‍ നിന്നും ഇന്‍ഫോപാര്‍ക്കിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനോട് അഭ്യര്‍ത്ഥിക്കും. കൂടുതല്‍ മിനി ബസുകളോ വലിയ ബസോ ഏര്‍പ്പെടുത്തണം. കാക്കനാട് അവസാനിക്കുന്ന ബോട്ട് സര്‍വീസ് കടമ്പ്രയാര്‍ വരെ നീട്ടുന്നതിന് പുഴയുടെ ആഴം കൂട്ടുന്ന ജോലികള്‍ വേഗത്തിലാക്കണമെന്ന് വി.പി. സജീന്ദ്രന് എം.എല്‍,.എ ആവശ്യപ്പെട്ടു. കാക്കനാട്ടേക്കുള്ള വോള്‍വോ ബസ് സര്‍വീസ് പള്ളിക്കര വരെ നീട്ടാമെന്ന് ഗതാഗതമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സജീന്ദ്രന് പറഞ്ഞു.
ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിക്കും യോഗത്തില്‍ തീരുമാനമായി. ലൂഡി ലൂയിസ് എംഎല്‍എയാണ് വിഷയം ഉന്നയിച്ചത്. സ്കൂള്‍ വിടുന്ന സമയത്ത് ട്രിപ്പ് മുടക്കുന്ന ബസുകളെക്കുറിച്ചുള്ള പരാതിയില്‍ ഉടനെ നടപടി സ്വീകരിക്കും. വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ കാഴ്ച മറച്ചും അപടകരമായ രീതിയിലും പാര്‍ക്ക് ചെയ്തിരിക്കുന്ന ട്രെയിലര്‍ ലോറികള്‍ക്ക് പിഴ ചുമത്താനും കളക്ടര്‍ നിര്‍ദേശം നല്കി.
തേവര ഫെറിയില്‍ മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ റേഷന്‍ കടയുടെ പ്രവര്‍ത്തനം നിലച്ചത് ഹൈബി ഈഡന് എംഎല്‍എ ചൂണ്ടിക്കാട്ടി. റേഷന്കടയ്ക്കായുള്ള പുനഃവിജ്ഞാപനം ഈയാഴ്ച തന്നെയുണ്ടാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വഴിയോരങ്ങളില്‍ അനധികൃതമായും വൃത്തിഹീനമായും പ്രവര്‍ത്തിക്കുന്ന മാംസ വില്‍പ്പനശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ മടിക്കുകയാണെന്ന് സാജു പോള്‍ എം.എല്‍.എ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനം അടിയന്തരമായി നടപ്പാക്കാന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡില്‍ കയ്യേറ്റങ്ങള്‍ ദിനം തോറും വര്‍ധിക്കുകയാണെന്നും ഉടനെ ഒഴിപ്പിച്ചില്ലെങ്കില്‍ റോഡ് വികസനത്തിന് തടസമാകുമെന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്മാന് ആര്. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. റോഡ് സിഗ്നലുകളില്‍ കച്ചവടവും ഭിക്ഷാടനവും നടത്തുന്നവരെ നീക്കം ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
തൃപ്പൂണിത്തുറ നടമ വില്ലേജില്‍ റീസര്‍വെയുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സര്‍വെ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്കി. സബ്ഡിവിഷനുകളുടെ എണ്ണത്തില്‍ അവിശ്വസനീയമായ കുറവാണ് റീസര്‍വെയില്‍ സംഭവിച്ചിരിക്കുന്നത്. പോക്കുവരവും സ്ഥലം വില്‍പ്പനയും നടത്താനാകാതെ നാട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. സാങ്കേതികത്വം പറഞ്ഞ് വിഷയം നീട്ടിക്കൊണ്ടുപോകരുതെന്നും കളക്ടര്‍ പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എറണാകുളം ജനറല്‍ ആശുപത്രിയിലെ മാതൃകയില്‍ കളക്ടര്‍ അധ്യക്ഷനായി ജനപങ്കാളിത്തത്തോടെ വികസന സമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: