ചേര്‍ത്തല: ഒരു കാലഘട്ടത്തെ മുഴുവന്‍ തന്റെ തൂലികത്തുമ്പിലൊതുക്കിയ അനശ്വര കവിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് നാളെ 39 വയസ്. ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്നു പാടിയ കവിയുടെ ജീവന്‍തുടിക്കുന്ന വയലാര്‍ രാഘവപ്പറമ്പ് കോവിലകത്തെ സ്മാരകത്തിന്റെ പൂര്‍ത്തീകരണം അനന്തമായി നീളുകയാണ്. വിടവാങ്ങി 39 ആണ്ടുകള്‍ പിന്നിടുമ്പോഴും കവിയുടെ സ്മാരകം അധികാരികളുടെ അവഗണനയില്‍. 2008ല്‍ അന്നത്തെ സാംസ്ക്കാരിക മന്ത്രിയായിരുന്ന എം.എ. ബേബി ശിലാസ്ഥാപനം നടത്തിയ ചന്ദ്രകളഭം എന്ന നിത്യസ്മാരകത്തിന്റെ നിര്‍മ്മാണം 2014 അവസാനിക്കാറായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ധനസഹായത്തോടെ രാമവര്‍മ്മ ട്രസ്റ്റിനാണ് സ്മാരകത്തിന്റെ നിര്‍മ്മാണ ചുമതല. ഒന്നേകാല്‍ കോടിയോളം രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന സ്മാരകത്തില്‍ മ്യൂസിയം, കമ്മ്യൂണിറ്റി ഹാള്‍, ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 50 പേര്‍ക്കിരിക്കാവുന്ന മിനി തീയേറ്ററും 70 പേര്‍ക്കിരിക്കാവുന്ന കണ്വന്ഷന് ഹാളും ഇതോടൊപ്പമുണ്ട്.
1976 മുതല്‍ 2014 വരെയുള്ള വയലാര്‍ അവാര്‍ഡ് ജേതാക്കളുടെ ഛായാചിത്രങ്ങളും വിശദവിവരങ്ങളും അവാര്‍ഡുദാന ഫോട്ടോയും അവരുടെ സമ്പൂര്‍ണ കൃതികളുമാണ് ഇന്ദ്രധനുസ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വയലാര്‍ രാമവര്‍മ്മയ്ക്ക് ലഭിച്ച പുരസ്ക്കാരങ്ങളും അദ്ദേഹം ഉപയോഗിച്ച ഗ്രന്ഥങ്ങളും ഇവിടെ സജ്ജീകരിക്കും. ഗന്ധര്‍വ്വഗീതം എന്ന പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്വരമണ്ഡപത്തില്‍ വയലാറിന്റെ എല്ലാഗാനങ്ങളും അവയുടെ റെക്കോര്‍ഡുകളും ഉണ്ടാകും.
വയലാര്‍ സര്‍ക്കാര്‍ സ്കൂളിന് കവിയുടെ പേര് നല്കിയതൊഴിച്ചാല് മറ്റൊന്നും ചെയ്യാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല. വയലാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കവിയുടെ പേര് നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോഴും ചുവപ്പുനാടയില്‍ തന്നെ. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ രാഘവപ്പറമ്പില്‍ ഒരു ചെറിയ സ്മൃതിമണ്ഡപം സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതില്‍ പ്രതിമ സ്ഥാപിച്ചിട്ടില്ല. ചന്ദ്രകളഭം പൂര്‍ത്തിയാകുവാന്‍ ഇനി ആവശ്യമായ 20 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി മൂന്നുമാസത്തിനകം ഉദ്ഘാടനം നടത്തുമെന്നും ട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമന്‍ പറഞ്ഞു. 1975 ഒക്ടോബര്‍ 27 നായിരുന്നു വയലാറിന്റെ അന്ത്യം. കവിയുടെ ഓര്‍മ്മകളാല്‍ സമ്പുഷ്ടമായ രാഘവപ്പറമ്പ് കോവിലകത്ത് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: