മാന്നാര്‍: ചെന്നിത്തല ചെറുകോല്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും വീട്ടമ്മയെ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘത്തിലെ മൂന്നുപേരെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ രക്ഷപെട്ടു. ഹരിപ്പാട് ചെറുതന വടക്കുംമുറി മംഗലത്ത് വീട്ടില്‍ അഭികൃഷ്ണന് (19), പള്ളിപ്പാട് തെക്കേക്കര കിഴക്കുമുറി മുണ്ടുചിറയില്‍ വീട്ടില്‍ അനീഷ് (33), പള്ളിപ്പാട് നടുവട്ടം കാക്രാച്ചംപിള്ളില് വീട്ടില്‍ അരുണ്‍ (24) എന്നിവരെയാണ് മാന്നാര്‍ എസ്ഐ: എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.
ചെന്നിത്തല ചെറുകോല്‍ ഈഴക്കടവ് ദേവീക്ഷേത്രത്തിനു സമീപമുള്ള വീട്ടില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഘം അതിക്രമിച്ച് കടന്നത്. വീട്ടമ്മ ലതാസോമന്റെ (51) കഴുത്തില്‍ വടിവാള്‍ വച്ച് ഭിഷണിപ്പെടുത്തുകയും മകനെ കൊല്ലുമെന്നും പറഞ്ഞ ശേഷം നാശനഷ്ടങ്ങള്‍ വരുത്തി സംഘം രക്ഷപെടുകയായിരുന്നു. വെള്ളിയാഴ്ച സംഘം വീണ്ടും ബൈക്കുകളില്‍ വരുന്നതിനിടെ ചെന്നിത്തല കോട്ടമുറി ജങ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിന്റെ മുന്നില്‍പ്പെട്ടു. സംശയം തോന്നിയ പോലീസ് ബൈക്ക് പരിശോധന നടത്തിയപ്പോള്‍ രണ്ടുപേര്‍ ഓടിരക്ഷപെട്ടു. തുടര്‍ന്ന് പിടിയിലായവരെ സ്റ്റേഷനിലെത്തി ചോദ്യം ചെയ്തപ്പോഴാണ് വീടാക്രമണ കേസിലെ പ്രതികളാണെന്ന് അറിയുന്നത്. വീട്ടമ്മ പ്രതികളെ സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞു.
കേസിലെ ഒന്നും അഞ്ചും പ്രതികളായ അഭിഷേക്, വൈശാഖ് എന്നിവരാണ് രക്ഷപെട്ടത്. വീട്ടമ്മയുടെ അയല്‍വാസിയായ പെണ്‍കുട്ടിയുമായി വൈശാഖിനുണ്ടായ പ്രണയത്തെ തുടര്‍ന്നുള്ള സംഭവങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ഗ്രേഡ് എസ്ഐ: സുബൈര്‍ റാവുത്തര്‍, സീനിയര്‍ സിപിഒ: ബാബുക്കുട്ടന്, സിപിഒമാരായ പ്രതാപചന്ദ്രമേനോന്‍, പ്രമോദ്, ഹോംഗാര്‍ഡ് വിശ്വനാഥന്‍പിള്ള എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: