വള്ളികുന്നം: താമരക്കുളം, വള്ളികുന്നം, ചാരുംമൂട്, കറ്റാനം പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു. അമിതമായ ലഹരി ഉപയോഗം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അക്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു.
സ്കൂളുകള്‍ കേന്ദ്രീകരിച്ച് മറ്റുള്ളവര്‍ക്ക് സംശയം നല്‍കാത്ത രീതിയിലാണ് മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം. കഞ്ചാവ്, മയക്കുമരുന്നിന്റെയും ഏജന്റുമാരായി സ്കൂളില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളെയാണ് സംഘം ലക്ഷ്യം വയ്ക്കുന്നത്. ചില രാഷ്ട്രീയ നേതാക്കളുടെ മക്കളാണ് കഞ്ചാവ് മാഫിയക്ക് ആവശ്യാനുസരണം പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കുന്നത്. സ്കൂളുകളോട് ചേര്‍ന്നുള്ള കുറ്റിക്കാടുകള്‍, റബര്‍ തോട്ടങ്ങള്‍, ആളൊഴിഞ്ഞ വയലോരങ്ങള്‍, ചിറകളുടെയും തോടുകളുടെയും തീരം തുടങ്ങിയ സ്ഥലങ്ങളാണ് ലഹരി ഉപയോഗത്തിനായി തിരഞ്ഞെടുക്കുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചുകള്‍ നിരവധിയാണ്.
സ്റ്റാമ്പ്, സ്കെച്ച് തുടങ്ങിയ തരത്തിലുള്ള മയക്കുമരുന്നുകളും സുലഭമാണ്. അദ്ധ്യാപകര്‍ക്കോ, രക്ഷിതാക്കള്‍ക്കോ ഇത്തരം മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ സാധിക്കില്ല. പുസ്തകത്തിലും ബോക്സിലുമാണ് ഇത് സൂക്ഷിക്കുന്നത്. മയക്കുമരുന്നുകളുടെ ഉപയോഗം കണ്ടുപിടിക്കാനോ ഉറവിടം അന്വേഷിക്കാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ചില സ്കൂളുകള്‍ക്ക് സമീപം വീടുകളും കടകളും കേന്ദ്രീകരിച്ച് കച്ചവടം നടത്തുമ്പോള്‍ മറ്റു ചില സ്ഥലത്ത് ബൈക്കുകളിലെത്തുന്ന സംഘമാണ് കച്ചവടം നടത്തുന്നത്.
അഢംബരം ജീവിതം ഭ്രമിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇതിന്റെ വാഹകരമായി മാറുന്നു. ഒരു നേരത്തെ ഉപയോഗത്തിന് അഞ്ച് രൂപ മുതല്‍ 100രൂപ വരെ വിലവരുന്ന മയക്കുമരുന്നുകളാണ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വിതരണം ചെയ്യുന്നത്. ആളൊഞ്ഞ സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി ഇരുന്നാണ് മയക്കുമരുന്ന് ഉപയോഗത്തില്‍ ഏര്‍പ്പെടുന്നത്. ക്ലാസുകളില്‍ പങ്കെടുക്കാതെ ഇത്തരം കേന്ദ്രങ്ങള്‍ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പലപ്പോഴും മയക്കുമരുന്നിന്റെ പിടിയില്‍ അമര്‍ന്നു കഴിയുമ്പോഴായിരിക്കും രക്ഷിതാക്കള്‍ വിവരം അറിയുന്നത്. സാമൂഹ്യ വിപത്തായി മാറികഴിഞ്ഞിരിക്കുന്ന മയക്കുമരുന്ന് ലോബിയെ കണ്ടെത്താന്‍ ശക്തമായ അന്വേഷണമാണ് ആവശ്യം. പോലീസ്, എക്സൈസ് അധികൃതര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: