മുതുകുളം: മുതുകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ നവതി ആഘോഷ സമ്മേളനത്തില്‍ നിന്ന് ഐ ഗ്രൂപ്പ് നേതാക്കളെ ഒഴിവാക്കിയതോടെ കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് പോര് മറനീക്കി. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ആഭ്യന്തര മന്ത്രി പങ്കെടുക്കാതിരിന്നതോടെയാണ് ഗ്രൂപ്പ് പോരിന്റെ ശക്തി പരസ്യമായി പ്രകടമായത്. ജനപ്രതിനിധികളായ ഐ ഗ്രൂപ്പ് നേതാക്കളുടെ പേര് നോട്ടിസില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കെ.സി വേണുഗോപാല്‍ എംപി ഒഴികെ മറ്റാരും പങ്കെടുത്തില്ല.
കോണ്‍ഗ്രസിലെ എ വിഭാഗമാണ് ബാങ്കിന്റെ ഭരണം നടത്തുന്നത്. രണ്ടു ദിവസം നീണ്ടുനിന്ന നവതി സമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസില്‍ മുതുകുളത്തുനിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ബി. ബാബുപ്രസാദിനെയും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനേയും ഒഴിവാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന എ ഗ്രൂപ്പ് നേതാവുമായ കെ.എസ് വാസുദേവ ശര്‍മ്മയെ ജനപ്രതിനിധി അല്ലാതായിട്ടും മുഖ്യപ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതാണ് ഐ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടകനായ യോഗത്തില്‍ സ്ഥലം എംഎല്‍എയും മന്ത്രിസഭയിലെ രണ്ടാമനുമായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അദ്ധ്യക്ഷ പദവി നല്‍കാതെ ബാങ്കിന്റെ കീഴിലുള്ള ഗ്രാമ ലക്ഷ്മി സ്വയംസഹായ സംഘങ്ങളുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചത് മന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. എന്നാല്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്ന മുഴുവന്‍ എ ഗ്രൂപ്പ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ ഇരു ഗ്രൂപ്പുകളും പ്രത്യേകമായാണ് മത്സരിച്ചത്. മുഴുവന്‍ സീറ്റും എ വിഭാഗം നേടുകയായിരുന്നു. എന്നാല്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ ടൂര്‍ പരിപാടിയില്‍ മുതുകുളത്തെ പരിപാടി ഉള്‍പ്പെടുത്തിയിരുന്നു. ഹരിപ്പാടു നിന്നുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് മന്ത്രി പിന്മാറിയത്. സ്പീക്കര്‍ ജി. കാര്ത്തികനോടൊപ്പം അമേരിക്കയിലേക്ക് പോകുന്നതിനാല്‍ അവസാന നിമിഷം പ്രോഗാം ഒഴുവാക്കിയെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കായംകുളം ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹം പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: