അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന തീരദേശവാസികളെ ഇരുമുന്നണികളും കബളിപ്പിക്കുന്നു. വാഗ്ദാനങ്ങള്‍ നല്കി കബളിപ്പിച്ച ഇടതു-വലതു മുന്നണികള്‍ നടത്തുന്നത് തട്ടിപ്പ് സമരമെന്ന് ആക്ഷേപം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുള്ള പുറക്കാട് പഞ്ചായത്തിലാണ് ഇരുമുന്നണികളും പരസ്പരം പഴിചാരി തട്ടിപ്പ് സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.
സ്വന്തമായി വേരോട്ടമില്ലാത്തതിനാല്‍ ചില സഖാക്കളെ ഉപയോഗിച്ച് ഈര്‍ക്കില്‍ സംഘടനകള്‍ ഉണ്ടാക്കിയാണ് സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഏതാനും മാസം മുമ്പ് നടന്ന കളക്ട്രേറ്റ് സമരം മുതല്‍ ദേശീയപാത ഉപരോധം വരെ ഇത്തരത്തില്‍ സിപിഎം നടത്തുന്ന നാടകമാണ് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിരോധിത മേഖലയില്‍ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിച്ചതാണ് അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ഭീഷണിയായി മാറിയത്. തങ്ങള്‍ക്ക് കടല്‍ഭിത്തിക്ക് പടിഞ്ഞാറ് താമസിക്കേണ്ട എന്ന് അറിയിച്ചിട്ടും രണ്ടരലക്ഷം രൂപ വീതം മുടക്കിയാണ് കടല്‍ഭിത്തിക്ക് പടിഞ്ഞാറ് വീടുവച്ച് നല്‍കിയത്. ഈ വീടുകള്‍ സംരക്ഷിക്കാന്‍ പുലിമുട്ട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്കി കോണ്‍ഗ്രസുകാരും കബളിപ്പിച്ചു. സ്ഥലം എംപിയാണ് പ്രഖ്യാപനങ്ങള്‍ നടത്തി കബളിപ്പിക്കാന്‍ മുന്നില്‍ നിന്നത്.
കടല്ക്ഷോഭങ്ങളുണ്ടായി ഏക്കറുകണക്കിന് കരകളും വീടുകലും നഷ്ടപ്പെട്ട ശേഷമാണ് അശാസ്ത്രീയമായി പുറക്കാട് പഞ്ചായത്തില്‍ പുലിമുട്ട് നിര്‍മ്മാണത്തിന് തുടക്കമിട്ടത്. ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ ഇതിന് സമീപം പുലിമുട്ട് നിര്‍മ്മിച്ചും ഭൂരിപക്ഷ വിഭാഗങ്ങള്‍ താമസിക്കുന്ന പായല്‍ക്കുളങ്ങര ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കാതെയുമാണ് എംപിയും സംഘവും മത്സ്യമേഖലയ്ക്ക് സഹായം ചെയ്തത്. നിലവില്‍ ഒരുഭാഗത്ത് മാത്രം നടക്കുന്ന പുലിമുട്ട് നിര്‍മ്മാണം മറുഭാഗത്ത് വീടുകള്‍ ഒലിച്ചുപോകുവാന്‍ കാരണമാകുമെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചതാണ് പ്രശ്നം വഷളാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: