കായംകുളം: സങ്കുചിതവും അപൂര്‍ണവുമായ പാശ്ചാത്യപ്രത്യയ ശാസ്ത്രങ്ങളെക്കാള്‍ ഭാരതീയര്‍ക്ക് അഭികാമ്യം മനുഷ്യനെ സമഗ്രമായി ദര്‍ശിക്കുന്ന ഭാരതീയമായ ഏകാത്മ മാനവ ദര്‍ശനമാണെന്ന് കേസരി മുന്‍ പത്രാധിപര്‍ ആര്. സഞ്ജയന് അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കായകുളത്ത് നടന്ന ദക്ഷിണമേഖലാ പഠന ശിബിരത്തില്‍ ഏകാത്മവ മാനവ ദര്‍ശനം ഭാവിയുടെ പ്രത്യയശാസ്ത്രം എന്ന വിഷയത്തില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യൂറോപ്പിലെ എല്ലാ നവോത്ഥാന മൂല്യങ്ങളും ഉയര്‍ന്നുവന്നത് പ്രതികരണങ്ങള്‍ എന്ന നിലയ്ക്കാണ്. മനുഷ്യനെ സാമ്പത്തിക ഉപജീവിയായാണ് അവിടുത്തെ പ്രമുഖ പ്രത്യയശാസ്ത്രങ്ങള്‍ വിലയിരുത്തുന്നത്. മാര്‍ക്സിസവും മുതലാളിത്തവും തമ്മില്‍ രീതിശാസ്ത്രത്തില്‍ മാത്രമാണ് വ്യത്യാസം. അവരുടെ വീക്ഷണത്തിന്റെ അടിസ്ഥാനം സാമ്പത്തികം മാത്രമാണ്. എന്നാല്‍ മനുഷ്യന് സാമ്പത്തിക ചോദനകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല നിലനില്‍ക്കുന്നത്. മാനസികവും ആത്മീയവും സാമൂഹികവുമായ നിരവധി ചോദനകളുടെ ആകെ തുകയാണ് ജീവിതം. ഭാരതീയമായ ഏകാത്മ മാനവദര്‍ശനം മനുഷ്യനെ സമഗ്രമായി വീക്ഷിക്കുന്നു. കേവല മനുഷ്യനില്‍ നിന്ന് ഈശ്വരത്വത്തിലേക്കുളള പരിണാമമാണ് മനുഷ്യന്റെ വളര്‍ച്ച. പ്രകൃതി പോലും മനുഷ്യനില്‍ നിന്ന് ഇവിടെ അന്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.എന്‍.ജെ. കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.എസ്. ഉമാദേവി, സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജെ.മഹാദേവന്, സംസ്ഥാന സമിതിഅംഗം ഹരികുമാര്‍ ഇളയിടത്ത്, പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: