ഇസ്ലാമാബാദ്: കാശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി പാകിസ്ഥാന് വീണ്ടും ഐക്യരാഷ്ട്ര സമിതിയെ സമീപിച്ചു. ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയില്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കെ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്നാണ് യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കീ മൂണിന് അയച്ച കത്തില്‍ പാകിസ്ഥാന് ആവശ്യപ്പെട്ടിരിക്കുന്നത്. പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവും ദേശീയ സുരക്ഷാ, വിദേശ ഉപദേഷ്ടാവും കൂടിയായ സര്‍താജ് അസീസാണ് കത്തയച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി അതിര്‍ത്തിയില്‍ ഇന്ത്യ മനപൂര്‍വമായ പ്രകോപനം സൃഷ്ടിക്കുകയാണെന്നും അതിര്‍ത്തി കടന്ന് വെടിയുതിര്‍ക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ മാത്രമല്ല അന്താരാഷ്ട്ര അതിര്‍ത്തിയിലും ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണ്. യു.എന്‍ രക്ഷാസമിതിയുടെ മുമ്പില്‍ ദീര്‍ഘകാലമായി കിടക്കുന്ന പ്രശ്നമാണ് കാശ്മീര്‍ വിഷയം. അവിടെ ഹിതപരിശോധന നടത്തി ജനങ്ങളെ അവരുടെ ഇഷ്ടം തിരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്ന് പാകിസ്ഥാന് കാലങ്ങളായി ആവശ്യപ്പെട്ടു വരുന്നതാണ്. എന്നാല്‍ അത് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഹിതപരിശോധന നടത്തുന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തെയും യു.എന്നിനെയും ഓര്‍മിപ്പിക്കുകയാണെന്നും കത്തില്‍ പാകിസ്ഥാന് ചൂണ്ടിക്കാട്ടി.
കാശ്മീരുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ പാകിസ്ഥാന് പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ ഇന്ത്യയുടെ സമീപകാല നിലപാടുകള്‍ ചര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുകയാണെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്നു രാവിലെ അതിര്‍ത്തിയിലെ അര്‍നിയ, ആര്‍എസ് പുര സെക്ടറുകളിലെ 15 സൈനിക ഔട്ട്പോസ്റ്റുകള്‍ക്കു നേരെയുണ്ടായ പാക് വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യന്‍ പോസ്റ്റുകളെ ലക്ഷ്യമാക്കി പാക്കിസ്ഥാന് മോര്‍ട്ടാര്‍ ആക്രമണവും നടത്തി. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. മണിക്കൂറുകളോളം വെടിവയ്പ്പ് നീണ്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: