കായംകുളം: റേഷന്‍ വ്യാപാരിയുടെ കൈവെട്ടിയ കേസില്‍ ശാസ്ത്രീയമായ അന്വേഷണം നടത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്കി. ഏഴിന് രാത്രി പത്ത് മണിയോടെ റേഷന്‍ വ്യാപാരം നടത്തുന്ന കൃഷ്ണപുരം ശ്രീനാരായണ മന്ദിരത്തില്‍ മുരളീധരനെ കട അടയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വടിവാളിന് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന് ശേഷം മുരളീധരന്റെ ഭാര്യയുടെ മാലകവരുകയും ചെയ്തു.ക്വട്ടേഷന്‍ അക്രമണമല്ലെന്ന് വരുത്തി തീര്‍ത്ത് പോലീസിന്റെ ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മോഷണമെന്നാണ് പോലീസിന്റെ സംശയം. മൂന്നു മാസത്തിനിടയില്‍ ഓച്ചിറ, കരുനാഗപ്പള്ളി, കുറത്തികാട്, മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ സമാനമായ ക്വട്ടേഷന്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇരയെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മോഷണം ശ്രമം നടത്തുന്ന പുതിയ തന്ത്രമാണെന്നാണ് പോലീസിന്റെ നിഗമനം. മോഷണ സ്വഭാവത്തിന്റെ രീതിയിലല്ലാത്ത അക്രമണമാണ് നടന്നിട്ടുള്ളത്. വലതു കൈക്ക് ഗുരുതരമായി വെട്ടേറ്റ മുരളീധരന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ മൊഴിയും ഗുണ്ടകളുടെ അക്രമണരീതിയുമാണ് ശാസ്ത്രീയമായി അന്വേഷണം നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്. പത്തോളം ക്വാട്ടേഷന് അംഗങ്ങളെ ചോദ്യം ചെയ്ത് വരുന്നതായി അറിയുന്നു. കായംകുളം കേന്ദ്രീകരിച്ച് ക്വാട്ടേഷന് അക്രമണവും മോഷണവും വര്‍ധിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: