ചുവടെ നില്ക്കുന്ന കാക്കപ്പൂപോലും സൂര്യകാന്തിക്കൊപ്പം ധ്യാനിക്കുന്നുണ്ട് സൂര്യനെ. ചിലര്‍ ജീവിക്കുന്നതുകൊണ്ടാണ് നമ്മുടെ വെളിവും വെട്ടവും കൂടുന്നത്. അത്തരം വലിയ ജന്മങ്ങളുടെ കാലത്താണ് നമ്മളുള്ളതെന്നു പറയുന്നതു തന്നെ എത്ര ഭാഗ്യം. മലയാള വിമര്‍ശന തറവാട്ടിലും അദ്ധ്യാപക ലോകത്തും മാതൃപിതൃഗുരു സ്വരൂപങ്ങളായ ലീലാവതി ടീച്ചറും അച്യുതന് മാഷുമാണ് ഈ ഭാഗ്യം. ശതാഭിഷേക നിറവിലായ ഇവരെ കണ്ടുകൊണ്ടാവണം ഒരു പക്ഷെ ആയിരം പൂര്‍ണ ചന്ദ്രന്മാര് വെളിച്ചത്തിന്റെ പാല്ക്കടല് തീര്‍ത്തത്.
സുകൃതമാണ് മനുഷ്യ ജന്മം. അതിലും സുകൃതമാണ് ഗുരു ജീവിതം. മഹാരാജാസിന്റെ സന്തതികള്‍ ലോകത്തെമ്പാടുമുണ്ട്; അന്തസിന്റെ അഹങ്കാരവുമായി. തങ്ങള്‍ ലീലാവതി ടീച്ചറിന്റെയും അച്യുതന് മാഷിന്റെയും ശിഷ്യരാണെന്ന അഭിമാനം അതിലേറെയും. പതിനായിരങ്ങളെ അക്ഷരങ്ങളുടെ കൈപിടിച്ച് നടത്തിയിട്ടുണ്ട് ഈ ടീച്ചറും മാഷും. അറിവിന്റെ ആകാശവും വായനയുടെ കടലാഴവും ഇവര്‍ കുട്ടികള്‍ക്ക് നല്കി. ഇവരുടെ ക്ലാസുകളില്‍ സരസ്വതി കവിതയായും കഥയായും വിമര്‍ശനമായും വേഷമിട്ട് നൃത്തമാടി. വാക്കുകളുടെ വകതിരിവ് വിദ്യാര്‍ത്ഥികള്‍ പഠിച്ചതും ഈ ഗുരുക്കന്മാരുടെ നാവില്‍ നിന്ന്.
മറ്റ് ഭാഷകളിലും വിഷയങ്ങളിലും വിദഗ്ധ അദ്ധ്യാപകരുണ്ടെങ്കിലും മലയാള വിഭാഗമാണ് മഹാരാജാസിന്റെ കിരീടവും ചെങ്കോലും. സാഹിത്യവും കലയുമായി മലയാളം ഈ കോളേജിന് നല്കുന്ന മേല്‍വിലാസം ചെറുതല്ല. ഇത്തരം നെറ്റിപ്പട്ടത്തിന് ലീലാവതി ടീച്ചറും അച്യുതന് മാഷും പോലുള്ള എഴുത്തുകാരായ ഗുരുക്കന്മാരുടെ അനുഗ്രഹമുണ്ട്. ഇവരുടേത് പഠിപ്പിക്കലല്ല. അനുഭവിപ്പിക്കലാണ്. അതുകൊണ്ടാണ് മലര്‍ക്കെ തുറന്ന വാതില്ക്കലും ജനല്‍ക്കലും കണ്ണും കാതും കൂര്‍പ്പിച്ച് മറ്റ് ക്ലാസുകളില്‍ നിന്നു പോലും കുട്ടികള്‍ ഓടിയെത്തി കൂട്ടം കൂടുന്നത്. ചിത്രശലഭം പോലെ പറന്ന് പറന്ന് വന്‍ തരംഗദൈര്‍ഘ്യം സൃഷ്ടിക്കുന്ന ഇത്തരം ക്ലാസുകള്‍ എന്നും മുദ്രാമഹാരാജകീയം തന്നെ.
അദ്ധ്യാപനം പ്രതിഭയാക്കിയവര്‍ക്കിടയില്‍ കൗതുകത്തിന്റെ പ്രഹേളിക പോലെ പേരിനൊപ്പം ‘എം’ചാര്‍ത്തിയവര്‍ നിരവധിയുണ്ട് മഹാരാജാസില്‍. എം.കൃഷ്ണന് നായര്‍, എം.തോമസ് മാത്യു, എം.ലീലാവതി, എം. അച്യുതന്. ഇനിയും നീളും ഈ നിര.
ജീവിതം അഗ്നിപരീക്ഷണങ്ങളുടെ ചെങ്കുത്തായ കൊടിമുടിത്തുമ്പില്‍ കൊളുത്തിയാടുമ്പോഴും മഹാരാജാസിലെ വര്‍ഷവും വേനലും സാന്ത്വനമാകാം. ഉള്ളഭയമാകുന്ന ഇത്തരം ഋതുപ്പകര്‍ച്ച തന്നത് ഈ അദ്ധ്യാപകരുടെ സൗമ്യ സാനിധ്യമാണ്.
മലയാള വിമര്‍ശനമെന്ന തേന്മാവില് മുല്ലവള്ളിപോലെ പടരുകയായിരുന്നു ലീലാവതി എന്ന വിമര്‍ശക. ഇലയും പൂവും കായുമായി വിമര്‍ശക കേസരികള്‍ക്കിടയില്‍ വേറിട്ട് പൂക്കുകയായിരുന്നു ലീലാവതി. പിന്നെ ഒറ്റമരക്കാടായി വന്‍ വളര്‍ച്ച. മാറ്റച്ചിന്തയും വേറിട്ട വ്യാഖ്യാനവും രാകി കൂര്‍പ്പിച്ച വാക്കുകളുമായി ടീച്ചറിലൂടെ മലയാളം പുതിയൊരു വിമര്‍ശനമറിഞ്ഞു. കവിതക്കമ്പംകൊണ്ടാവണം ടീച്ചര്‍ വിമര്‍ശനത്തിന്റെ സൂഷ്മ ദര്‍ശിനി കവിതയ്ക്ക് നേരെ പിടിച്ചത്.
പ്രമുഖ മലയാള കവികളുടെ രചനകളെ ടീച്ചര്‍ നിരീക്ഷിച്ചിട്ടുണ്ട്. പഴമക്കാരും പുത്തന്‍ കൂറ്റുകാരും നിരീക്ഷണത്തിന്റെ ഒറ്റയടിപ്പാതയിലൂടെ കടന്നു പോകുമ്പോള്‍ നാള്‍തോറും നവയൗവനം വന്നെന്നുപോലുള്ള വിമര്‍ശകചെറുപ്പമാണ് ടീച്ചറില്‍ കാണുക. ആധുനിക കവിതയുടെ നെടും തൂണായ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ രചനയെ വായിച്ചെടുക്കുമ്പോഴും ടീച്ചറുടെ ഈ നിത്യയൗവനഭാവുകത്വം പ്രകടമാണ്.
വിജയ ലക്ഷ്മിയുടെ കവിതകളെ കുറിച്ചുള്ള പഠനത്തിലും പുതുകാലത്തോട് ചേര്‍ന്ന് നില്ക്കുന്നു ടീച്ചര്‍. പഴയ വാക്കുകളെ പുതിയ കാഴ്ചപ്പാടിലൂടെ കഴുകി ശുദ്ധീകരിച്ച ഭാഷ ഇത്തരം നിരീക്ഷണങ്ങളുടെ നെഞ്ചുറപ്പാണ്. രചനകളുടെ ആഴമളക്കാന്‍ ഫ്രോയിഡിയന്‍ മനഃശാസ്ത്രം ആരോഗ്യപരമായി എങ്ങനെ ഉപയോഗിക്കാമെന്നുള്ള മലയാളത്തിലെ ആദ്യ കണ്ടെത്തല്‍ ടീച്ചറുടേതാണ്.വര്‍ണരാജി, കവിതാ രതി, വിശ്വാത്തരമായ വിപ്ലവേതിഹാസം, കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും തുടങ്ങി അനേകം രചനകളും ഡസന്‍ കണക്കിനുള്ള പുരസ്കാരങ്ങളും ടീച്ചറുടെ പേരിലുണ്ട്.
അഗാധങ്ങളില്‍ നിന്നും മുത്ത് തേടുന്ന മനസായിരുന്നു അച്യുതന് മാഷിന്. സാഹിത്യ ചരിത്രത്തിന്റെ ആഴഖനിയില്‍ നിന്നുള്ള മാഷിന്റെ കണ്ടെത്തലാണ് മലയാളത്തിന് റഫറന്‍സായ ചെറുകഥ ഇന്നലെയും ഇന്നും പാശ്ചാത്യ സാഹിത്യ ദര്‍ശനവും. പഠിക്കാനും കാത്തുവയ്ക്കാനും ഇടയ്ക്ക് ഓര്‍മ്മ പരിശോധിക്കാനുമുള്ള ചരിത്ര ഗ്രന്ഥങ്ങള്‍. അദ്ദേഹത്തിന്റെ 1001 രാവുകള്‍ തര്‍ജമ കാവ്യഭാഷ കൊണ്ട് ആത്മാവില്‍ പെയ്യുന്ന തീരാമഴയാണ്. മാഷിന്റെ ക്ലാസുകളുടെ പ്രൗഢി ഒട്ടും ചോര്‍ന്നു പോകുന്നില്ല എഴുത്തിലും.
പ്രൗഢമായ ഗുരുമുഖവും എഴുത്ത് മഹത്വവും കൊണ്ട് സമ്പന്നരാണ് ഈ ടീച്ചറും മാഷും. വിവാദത്താല്‍ സംവാദം ഉണ്ടാക്കി പേരെടുക്കുന്നവരില്‍ നിന്നും ആയിരം കാതം അകലെയാണ് ഇരുവരും. കൈമുതലുള്ളപ്പോള്‍ എന്തിന് അത്തരം ദരിദ്രാവസ്ഥകളെ പേടിക്കണം. പ്രായമാകുന്തോറും ഉള്ളിലെ ഗുരുസാഗരത്തില്‍ മുങ്ങിനിവര്‍ന്നും അക്ഷരക്കോവിലില്‍ തൊഴുതും ലീലാവതി ടീച്ചറും അച്യുതന് മാഷും വീണ്ടും ചെറുപ്പമാകുന്നു. ഇവരുടെ വിദൂരസ്ഥമായ സാന്നിധ്യം പോലും മലയാളിയെ കൂടുതല്‍ കേരളീയനാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: