ഹോങ്കോങ്: ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങില്‍ കൂടുതല്‍ ജനാധിപത്യം ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് ആരംഭിച്ച ജനാധിപത്യ വാദികളുടെ പ്രക്ഷോഭം അയയുന്നു. ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ലിങ് ചുന്‍ യുങിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.
എന്നാല്‍ ഇന്നലെ നഗരത്തിലെ ചില പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍നിന്ന് പ്രക്ഷോഭകാരികള്‍ പിന്‍വലിഞ്ഞു തുടങ്ങി. സ്കൂളുകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ പതിവുപോലെ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള പ്രവേശനം തടയാതെ സമാധാനപരമായാണ് ഇന്നലെ പ്രക്ഷോഭം നടന്നത്. മോങ്കോക്കില് നടത്തിയ റാലിയും അക്രമരഹിതമായിരുന്നു.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന തടസങ്ങള്‍ പ്രക്ഷോഭകാരികള്‍ മാറ്റിത്തുടങ്ങി. റോഡുകളിലെ ഉപരോധസമരം അവസാനിപ്പിക്കാനും സമാധാനപരമായ ചര്‍ച്ചക്കുമായി ഞായറാഴ്ച വരെയാണ് പ്രാദേശിക ഭരണകൂടം സമയം അനുവദിച്ചത്. ഒരാഴ്ചയ്ക്കുശേഷം ജനങ്ങള്‍ തെരുവുകളിലേക്ക് ഇറങ്ങിത്തുടങ്ങി. സര്‍ക്കാര്‍ ഹെഡ്ക്വാര്ട്ടേഴ്സുകള്ക്കു മുന്നിലുള്ള സമരങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിനോട് ഒരുവിഭാഗം സമരക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. ചര്ച്ചകള്ക്കുശേഷംമാത്രമേ സമരം അവസാനിപ്പിക്കാവൂയെന്നാണിവരുടെ നിലപാട്.
പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള മാര്‍ഗവും സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സമരക്കാര്‍ ചുരുങ്ങിവരുന്നതില് തങ്ങള്‍ക്ക് യാതൊരു അസ്വസ്ഥതയുമില്ലെന്ന് വിദ്യാര്‍ത്ഥി നേതാവ് അലക്സ് ചോ പറഞ്ഞു. സമരക്കാര്‍ക്ക് വിശ്രമം അനിവാര്യമായതിനാലാണ് പ്രക്ഷോഭകരുടെ എണ്ണം കുറയുന്നതെന്നതാണ് ചോ അഭിപ്രായപ്പെട്ടത്. ചര്‍ച്ചക്കുള്ള സന്നദ്ധത സമരക്കാരും അറിയിച്ചതോടെയാണ് പ്രക്ഷോഭത്തിന് അയവുവന്നത്.
പോലീസ് സമരക്കാരെ നിര്‍ബന്ധപൂര്‍വം നീക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ടാണ് പ്രക്ഷോഭകര്‍ പിന്‍വാങ്ങുന്നതെന്നാണ് സൂചന. പൊതുജനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന വിധത്തിലുള്ള പ്രക്ഷോഭത്തില്‍നിന്ന് സമരക്കാന്‍ പിന്മാറണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. തടസമുണ്ടാക്കിയാല്‍ നേരിടാന്‍ മടിക്കില്ലെന്നും മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലെ ബാരിക്കേഡുകള്‍ മാറ്റിയതില്‍ ജനങ്ങള്‍ക്കുള്ള സന്തോഷം പ്രകടമായതിന്റെ സൂചനകളും കണ്ടുതുടങ്ങി. പ്രധാന കവാടത്തിന് മുന്നില്‍ ഇന്നലെ മുന്നൂറോളം പ്രക്ഷോഭകാരികള്‍ മാത്രമാണുണ്ടായിരുന്നത്. അവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ് ചെയ്തത്. എന്നാല്‍ സമാധാനപരമായിരുന്നു സമരം. ചില പ്രക്ഷോഭകാരികള്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ പലരും അവിടെത്തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: