ജയ്പ്പൂര്‍: ഒന്നാം വയസ്സില്‍ വിവാഹിതയായ കുട്ടിവധുവിന്റെ കഥയിപ്പോള്‍ സിബിഎസ്ഇ പാഠ്യപദ്ധതിയില്‍. ജയ്പൂരില്‍ ഒന്നാം വയസ്സില്‍ വിവാഹിതയായ ലക്ഷ്മിയുടെ കഥയാണിത്. മനുഷ്യാവകാശങ്ങളും ലിംഗപഠനങ്ങളും ഉള്‍പ്പെടുന്ന ഒരു വിഷയം പതിനൊന്ന്-പന്ത്രണ്ടാം ക്ലാസുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. ഇതിലെ ഒരു പാഠത്തിലാണ് ലക്ഷ്മിയുടെ കഥയും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എന്തായാലും 2012 ല്‍ ഒരു എന്‍ജിഒയുടെ സഹായത്തോടെ ലക്ഷ്മിയുടെ ശൈശവവിവാഹത്തെ നിയമപരമായി അസാധുവാക്കിയിരുന്നു.
സംഭവ ബഹുലമാണ് ലക്ഷ്മിയുടെ കഥ. ജയ്പൂരിലെ ജോദ്പൂര്‍ ജില്ലയില്‍ ലുനി ഗ്രാമവാസിയാണ് ലക്ഷ്മി. അവളെ 20 വര്‍ഷത്തിനുമുമ്പ് ഒരു വയസ്സുള്ളപ്പോള്‍ മൂന്ന് വയസ്സുകാരനായ രാകേഷ് വിവാഹം ചെയ്തു. സത്ലാന ഗ്രാമത്തിലുള്ളതാണ് രാകേഷ്. 16-ാം വയസ്സില്‍ ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവതിയായതോടെ അന്ന് നടന്ന ഈ സംഭവത്തെ ലക്ഷ്മിയില്‍ വലിയ ആഘാതമേല്‍പ്പിച്ചു. അവള് അതുവരെയും കരുതിയിരുന്നത് താന്‍ അവിവാഹിതയായിരുന്നുവെന്നാണ്. അതിനിടെ ഭര്‍ത്താവിനെക്കുറിച്ചും ഭര്തൃവീട്ടുകാരെക്കുറിച്ചും ചില മോശം കാര്യങ്ങളും ലക്ഷ്മി അറിഞ്ഞു.
നിരക്ഷരരായ ലക്ഷ്മിയും അവളുടെ സഹോദരനും അക്ഷയതൃതീയ ദിനത്തില്‍ നടക്കുന്ന ‘ഗൗണ’ എന്ന ഈ ആചാര രീതിയെ ശക്തമായ എതിര്‍ത്തു. ശൈശവവിവാഹത്തിലേര്‍പ്പെട്ട വധുവിനെ ഭര്‍തൃവീട്ടുകാരോടൊപ്പം പറഞ്ഞയക്കുന്ന രീതിയാണ് ഗൗണ. ഈ സമയത്താണ് ലക്ഷ്മിയും സഹോദരനും ടെലവിഷനില്‍ ഒരു അഭിമുഖം കാണാനിടയായത്. മനഃശാസ്ത്രജ്ഞയും സാരഥി ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ കൃതി ഭാരതിയുടെ അഭിമുഖമായിരുന്നു അത്. ശൈശവ വിവാഹം എന്ന സാമൂഹ്യവിപത്തായിരുന്നു വിഷയം. ലക്ഷ്മി ഉടന്‍ അവരുടെ സഹായം തേടി. തനിക്ക് ഈ വിവാഹത്തില്‍ അസന്തുഷ്ടിയാണെന്നും തന്റെ മാതാപിതാക്കള്‍ തന്റെ വാദം അംഗീകരിക്കുന്നില്ലെന്നും തനിക്ക് സഹായം നല്‍കണമെന്നും അവള് ഭാരതിയെ അറിയിച്ചു.
നിയമനടപടികളും കൗണ്‍സലിംഗും കൊണ്ട് ‘ഗൗണ’ നടപ്പാക്കുന്നത് വൈകിക്കുകയോ റദ്ദാക്കുകയോ വേണമെന്നാണ് ഭാരതി ഉപദേശിച്ചത്. എന്നാല്‍ ലക്ഷ്മിയെ തൃപ്തയായില്ല. ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട ലക്ഷ്മിക്ക് ഭാരതി ശൈശവ വിവാഹം റദ്ദ് ചെയ്യുന്നതിന് നയമസഹായം നല്കി.
ഭര്‍ത്താവ് രാകേഷ് വിവാഹം പിന്‍വലിക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ഒരു നോട്ടറി ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ ലക്ഷ്മിയും രാകേഷും സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചു. ഇതോടെ വിവാഹം അസാധുവാണെന്ന് പ്രഖ്യാപിച്ചു. ശൈശവവിവാഹം അസാധുവാക്കിയ ദമ്പതികള്‍ക്കുള്ള ആദ്യത്തെ ഉദാഹരണമാണ് ഇതെന്ന് ഭാരതി പറഞ്ഞു.
രാകേഷ് ആദ്യം വിവാഹത്തിലുറച്ചു നില്‍ക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ഭാരതി കൗണ്‍സലിംഗിലൂടെ തീരുമാനം മാറ്റിക്കുകയായിരുന്നു.
പിന്നീട് ലക്ഷ്മി 2013 ജനുവരി 31 ന് അവളുടെ ആഗ്രഹപ്രകാരം മഹേന്ദ്ര സര്ഗാരയെ വിവാഹം ചെയ്തു. ഇപ്പോള്‍ ലക്ഷ്മി പാലി ജില്ലയിലെ രോഹത് ഗ്രാമത്തില്‍ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്.
ലക്ഷ്മിയുടെ ജീവിതകഥ പാഠ്യവിഷയമാകുമ്പോള്‍ വലിയൊരു സാമൂഹ്യ വിപ്ലവത്തിനു സഹായകമാകുമെന്നുതന്നെയാണ് നിരീക്ഷകര്‍ വിശകലനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: