എരുമേലി: വര്‍ഷങ്ങള്‍ക്കുമുമ്പ് ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ചേനപ്പാടി കാക്കക്കല്ല്- പുറപ്പ- മുക്കട റോഡ് ചെറുവള്ളി എസ്റ്റേറ്റ് അധികൃതര്‍ അടച്ചുപൂട്ടിയ സംഭവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയുക്ത സംഘം പരിശോധന നടത്തി.
എരുമേലി ഗ്രാമപഞ്ചായത്ത് റോഡ് രജിസ്റ്ററില്‍ 39-ാം പേജിലുള്ള റോഡിന്റെ കാക്കക്കല്ല്ഭാഗം കല്ലുകളുപയോഗിച്ച് കെട്ടിഅടയ്ക്കുകയായിരുന്നു. റോഡ് കെട്ടി അടച്ച സംഭവവുമായി ബന്ധപ്പെട്ട് നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ യോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്, പഞ്ചായത്ത്, റവന്യൂ വകുപ്പ് എന്നീ വകുപ്പുകളുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പരിശോധന നടത്തി.
ചേനപ്പാടി കാക്കക്കല്ല്- മുക്കട 4 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ 1.600 കിലോമീറ്റര്‍ ദൂരം തോട്ടത്തില്ക്കൂടിയായതിനാല് ഈ ഭാഗമാണ് തോട്ടംഉടമകള്‍ കെട്ടിഅടച്ചത്. പരാതികളെത്തുടര്‍ന്ന് ആര്‍ഡിഒയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് രജിസ്റ്റര്‍ പ്രകാരമുള്ള റോഡാണ് ഇതെന്ന് പഞ്ചായത്ത് സെക്രട്ടറി വിജയന് പറഞ്ഞു. എന്നാല്‍ രണ്ടുകിലോമീറ്ററിലധികം നടന്നു പരിശോധന നടത്തിയ സംഘത്തെ റോഡിന്റെ മറുവശത്ത് തടയനുള്ള നീക്കവും എസ്റ്റേറ്റുകാര്‍ ഒരുക്കിയിരുന്നതായും പരാതിക്കാര്‍ പറഞ്ഞു.
കെട്ടിഅടച്ച റോഡ് തുറന്നുകൊടുക്കണമെന്ന ആര്‍ഡിഒയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി തോട്ടത്തിലെ റോഡ് കമ്പി ഉപയോഗിച്ച് അടച്ചിരുന്ന നിലയിലും സംഘം കണ്ടെത്തി. എരുമേലി വില്ലേജ് ആഫീസര്‍ സനില്‍, മണിമല സിഐ അബ്ദുള്‍ റഹീം, എരുമേലി എസ്ഐ കുര്യാക്കോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സന്തോഷ്, പരാതിക്കാരായ പഞ്ചതീര്‍ത്ഥ പരാശക്തി ദേവസ്വം ക്ഷേത്രം കണ്‍വീനര്‍ വി.സി. അജികുമാര്‍, ശബരിമല അയ്യപ്പ സേവാസമാജം അംഗം എസ്. മനോജ്, ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന് കനകപ്പലം, ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്. സോജി അടക്കം നിരവധി പേരും സംഘത്തോടൊപ്പം എത്തിയിരുന്നു. ചെറുവള്ളി തോട്ടത്തിലെ കാക്കക്കല്ല്- മുക്കട റോഡ് കെട്ടി അടച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന പരിശോധന റിപ്പോര്‍ട്ട് ആര്‍ഡിഒയ്ക്ക് നല്‍കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: