ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ചെങ്ങന്നൂരില്‍ നടന്ന അവലോകനയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് 25 ലക്ഷം രൂപ അനുവദിക്കും. വാട്ടര്‍ അതോറിറ്റിയുടെ പൊട്ടിയ പൈപ്പുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നന്നാക്കും. അഞ്ചു സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യും.
അയ്യപ്പസേവാ സംഘത്തിന്റെ ഭക്ഷണകൗണ്ടറില്‍ മുടങ്ങാതെ കുടിവെള്ളം എത്തിക്കും. തീര്‍ത്ഥാടനകാലത്ത് കുടിവെള്ളവിതരണം കാര്യക്ഷമമാക്കുന്നതിനു കൂടുതല്‍ ഓവര്‍സിയര്‍മാരെ നിയോഗിക്കും. തീര്‍ത്ഥാടകരുടെ വാഹനപാര്‍ക്കിങ്ങിന് ബിസിനസ് ഇന്ത്യ ഗ്രൗണ്ടില്‍ സൗകര്യം ഒരുക്കും.
ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 104 പോലീസുകാരെയും 15 പോലീസ് ഓഫീസര്‍മാരെയും ഈ കാലയളവില്‍ ചെങ്ങന്നൂരില്‍ നിയോഗിക്കും. മോഷണവും മറ്റും തടയുന്നതിനായി മഫ്തി പോലീസിന്റെ സേവനവും പ്രയോജനപ്പെടുത്തും. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ കുളിക്കടവുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നീന്തലറിയാവുന്ന പോലീസുകാരെയും ഫയര്‍ഫോഴസ് അംഗങ്ങളെയും നിയോഗിക്കും. മൂന്ന് കണ്ട്രോള് റൂമുകള്‍ തുറക്കും. ഭക്ഷണസാധനങ്ങളുടെ വിലയും വാഹനങ്ങളുടെ നിരക്കും നിശ്ചയിക്കും.
പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി മണ്ഡല-മകരവിളക്കു കാലത്തിനു മുമ്പ് പൂര്‍ത്തീകരിക്കും. ആറാട്ടുകടവ്, കെഎസ്ആര്‍റ്റിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലടക്കം കെഎസ്ഇബി 100 ലൈറ്റുകള്‍ താത്കാലികമായി സ്ഥാപിക്കും. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു. ചെങ്ങന്നൂര്‍ താലൂക്കാശുപത്രിയിലെ റ്റി.ബി. ക്ളിനിക്കില്‍ ലാബ് ടെക്നീഷ്യനെ ഉടന്‍ നിയമിക്കും. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ റെയ്ഡുകള്‍ നടത്തും. കൊതുകു നശീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
പി.സി. വിഷ്ണുനാഥ് എംഎല്‍എ,ദേവസ്വം ബോര്‍ഡംഗം പി.കെ. കുമാരന്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്, നഗരസഭാദ്ധ്യക്ഷ വല്‍സമ്മ എബ്രഹാം, എഡിഎം: ആന്റണി ഡൊമിനിക്, ആര്‍ഡിഒ: റ്റി.ആര്. ആസാദ്, ഡിഎംഒ: ഡോ.കെ.എ. സഫിയാബീവി, അയ്യപ്പസേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി. വിജയകുമാര്‍, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. സനില്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: