പാലക്കാട്: സിനിമയില്‍ സംഗീതത്തിന് പ്രസക്തി ഇല്ലാതായി എന്ന് ഗായകന് ഉണ്ണിമേനോന്. പാട്ടുകളില്‍ വരികളുടെ പ്രാധാന്യം തീരെ ഇല്ലാതായി. ഗാനം ഏറെക്കാലം നിലനില്‍ക്കണം എന്ന് ചിന്തിക്കുന്ന സംവിധായകരും ഇപ്പോഴില്ല. പ്രസ്ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു പതിറ്റാണ്ടുമുമ്പ് താന്‍ സിനിമാ രംഗത്ത് വരുമ്പോള്‍ എഴുത്തുകാരനും സംഗീത സംവിധായകനും ഗായകനും പരസ്പരം ഒത്തുചേരുന്ന സൃഷ്ടിയായിരുന്നു ഗാനം. അന്നൊക്കെ അഞ്ചോ ആറോ ടേക്കിനു ശേഷമാണ് ഗാനം റെക്കോര്‍ഡ് ചെയ്തിരുന്നത്. ഇപ്പോള്‍ സംഗീത സംവിധായകന് പോലുമില്ലാതെയാണ് ആലാപനം. സൗകര്യം കൂടിയപ്പോള്‍ പങ്കാളിത്തം കുറഞ്ഞു.
കോടികള്‍ മുടക്കി എടുക്കുന്ന സിനിമകളില്‍ സംഗീതത്തിന് മാറ്റിവെക്കുന്നത് തുച്ഛമായ വിഹിതമാണ്. പേരെടുത്ത ഗായകര്‍ക്കുപോലും പ്രതിഫലം ലഭിക്കാത്ത അവസ്ഥ മലയാള സിനിമയിലുണ്ട്. പ്രതിഫലം ചോദിച്ചാല്‍ പിന്നെ പാടാന്‍ വിളിക്കില്ല. എന്നാല്‍ തമിഴ്സിനിമയില്‍ മാന്യമായ പ്രതിഫലം ലഭിക്കുന്നുണ്ട്. റിയാലിറ്റി ഷോ വളരുന്ന ഗായകര്‍ക്ക് ഗുണം ചെയ്യുന്ന ഒരു വേദിയാണ്. പക്ഷേ പെട്ടെന്നുണ്ടാകുന്ന പ്രശസ്തി നിലനിര്‍ത്താന്‍ കഴിവുള്ള അപൂര്‍വ്വം പേര്‍ക്കെ കഴിയുന്നുള്ളു എന്ന് ഉണ്ണി മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: