കായംകുളം: സ്വദേശത്ത് കുറെ വിദേശികളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം മാറ്റിയെടുക്കണമെന്നും ജീവിത മൂല്യങ്ങളേയും നാടിനേയും മറന്നുള്ള വിദ്യാഭ്യാസം നമ്മുടെ നാടിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് എന്‍.ശ്രീകുമാര്‍.
ദൈവദശക ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പത്തിയൂര്‍ മലമേല്‍ ശ്രീഭുവനേശ്വരി യോഗീശ്വരക്ഷേത്രത്തില് ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച നാട്ടറിവ് 2014 രണ്ടാംദിവസത്തെ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാന്ത്രികമായി മാത്രം ചലിക്കുന്ന കുറേ മനുഷ്യരായി നാം മാറിക്കഴിഞ്ഞു. കൃഷിയോടുള്ള ആഭിമുഖ്യം, പരമ്പരാഗത തൊഴിലുകളോടുള്ള പ്രതിപത്തി, ഉത്സവങ്ങളും ആഘോഷങ്ങളും സൃഷ്ടിച്ച കൂട്ടായ്മ, പരസ്പര വിശ്വാസം എല്ലാം നമ്മില്‍ നഷ്ടപ്പെട്ടെങ്കില്‍ അതിനുത്തരം പറയേണ്ടത് വിദ്യാഭ്യാസ രീതി തന്നെയാണെന്നു അദ്ദേഹം പറഞ്ഞു.
മോഡി പി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. എആര്‍ സ്മാരക കേന്ദ്രം സെക്രട്ടറി അനി വര്‍ഗീസ് മുഖ്യാതിഥിയായി. മാജിക്കിന്റെ രസതന്ത്രം എന്ന വിഷയത്തില്‍ അമ്മു രാജശേഖരന് പ്രഭാഷണം നടത്തി. എസ്എസ്എല്‍സിക്ക് എ പ്ലസ് നേടിയ സാന്റിയെ ആദരിച്ചു. ഇന്ന് മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും എന്ന വിഷയത്തില്‍ കാ.ഭാ. സുരേന്ദ്രന്റെ പ്രഭാഷണം, ശ്രീജിത്ത് പത്തിയൂര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: