ചെങ്ങന്നൂര്‍: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷന് വൃത്തിഹീനമെന്ന് പരാതി ഉയരുന്നു. ഇതുമൂലം സമീപ വ്യാപാരികളും യാത്രക്കാരും ഇവിടേക്ക് കയറാന്‍ മടിക്കുകയാണ്. നഗരസഭാ അധികൃതര്‍ പതിനായിരക്കണക്കിന് രൂപയ്ക്കാണ് ചെങ്ങന്നൂര്‍ സ്വദേശിക്ക് കണ്‍ഫര്‍ട്ട് സ്റ്റേഷന് കരാറടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്നത്.
ജീവനക്കാര്‍ വൃത്തിയായി സൂക്ഷിക്കാത്തതിനാല്‍ മലിനജലം കെട്ടിക്കിടന്ന് അകത്തേക്ക് കയറാന്‍ കഴിയാത്ത അവസ്ഥയിലാണ്. കൂടാതെ യാചകര്‍ ഇതിനുള്ളിലാണ് ഉറങ്ങുന്നതും ഇവരുടെ വസ്ത്രങ്ങള്‍ വിരിക്കുന്നതും. ഇതുമൂലം സ്ത്രീകളടക്കമുള്ളവര്‍ക്ക് ഇവിടേക്ക് കടന്നുചെല്ലാന്‍ ഭയമാണ്. നിരവധി തവണ നഗരസഭാ അധികൃതരോട് വ്യാപാരികള്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.
സ്ത്രീകളടക്കമുള്ള വ്യാപാരികള്‍ നഗരസഭയിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവധി ദിവസങ്ങളില്‍ ഇവര്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. മുന്‍പ് സമീപമുള്ള റെയില്‍വെ സ്റ്റേഷനിലെ ശൗചാലയങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും ഇവ പൂട്ടിയത് യാത്രക്കാര്‍ ഉള്‍പ്പടെയുളളവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കംഫര്‍ട്ട് സ്റ്റേഷന് സമീപം തന്നെ ഇതിനായി ലക്ഷങ്ങള്‍ മുടക്കി മറ്റൊരു കെട്ടിടം പണിതിട്ടുണ്ടെങ്കിലും നാളിതുവരെയും തുറന്ന് നല്കാന് അധികൃതര്‍ തയ്യാറായിട്ടില്ല. മുന്‍നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനമൊഴിയുന്നതിന് തൊട്ടു മുന്‍പ് ധൃതിപിടിച്ച് ഉദ്ഘാടനവും നടത്തിയിരുന്നതാണ്. എന്നാല്‍ പിന്നീട് കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. കെട്ടിടത്തിനായി അനുവദിച്ച തുക കുറവാണെന്നും, നിര്‍മ്മാണം പൂര്ത്തിയാകാനുണ്ടെന്നുമാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: