കുട്ടനാട്: കാന്‍സര്‍ പടര്‍ന്നു പിടിക്കുന്ന കാവാലം ലക്ഷംവീട് കോളനിയിലെ വീടുകളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ച് സര്‍വേ നടത്തി. അടുത്തകാലത്തായി കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനാലാണ് കാവാലം ഗവ. യുപി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സര്‍വേ നടത്തിയത്.
സ്കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ 77 വിദ്യാര്‍ത്ഥികളാണ് സര്‍വെയില്‍ പങ്കെടുത്തത്. സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയുടെ പിടിഎയും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സര്‍വേയില്‍ പങ്കെടുത്തു. കോളനിയിലെ 15ഉം സമീപത്തെ രണ്ട് വീടുകളിലും നിന്ന് ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ പഞ്ചായത്ത്, എംഎല്‍എ, എംപി ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറും. വിദ്യാര്‍ത്ഥികളില്‍ സാമുഹ്യബോധം സൃഷ്ടിക്കുക എന്നതാണ് സര്‍വേയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
സമീപകാലത്ത് ചെറിയൊരു ചുറ്റളവില്‍ വരുന്ന കോളനിയില്‍ നാലുപേര്‍ കാന്‍സര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. നാലുപേര്‍ ഇപ്പോള്‍ കാന്‍സര്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഹെഡ്മിസ്ട്രസ് ബി. പ്രസന്നകുമാരി, അധ്യാപകരായ സാം പി.എബ്രഹാം, രേണുക, സിന്ധു, പിടിഎ പ്രസിഡന്റ് കെ.കെ. സുരേഷ് ബാബു, പിടിഎ പ്രതിനിധികളായ ടി.പി. പ്രസന്നന്, രേഖ, സൗമ്യ, സന്ധ്യ തുടങ്ങിയവരും സര്‍വേയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: