കോഴിക്കോട്: പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ നാട്ടില്‍ ടാക്സി ഡ്രൈവറായ ബിഎംഎസ് പ്രവര്‍ത്തകനേയും തലശ്ശേരിക്കടുത്ത് കിഴക്കെ കതിരൂരില്‍ വെച്ച് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖിനേയും ഒരാഴ്ചയ്ക്കുള്ളില്‍ കൊലപ്പെടുത്തി കണ്ണൂരിനെ വീണ്ടു കുരുതിക്കളമാക്കാനുള്ള സിപിഎമ്മിന്റെ ഗൂഡതന്ത്രം പൊളിയുന്നു. പിണറായിയില്‍ ബിഎംഎസ് പ്രവര്‍ത്തകനായ സുരേഷ്കുമാറിനെയാതൊരു സംഘര്‍ഷവുമില്ലാത്ത സാഹചര്യത്തിലാണ് സിപിഎം സംഘം കൊലപ്പെടുത്തിയത്. കതിരൂരില്‍ ആര്‍എസ്എസ് നേതാവായ ഇളന്തോട്ടത്തില്‍ മനോജിനെ ഏറെ കാലമായി ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സപ്തംബര്‍ ഒന്നിന് പട്ടാപ്പകല്‍ ദാരുണമായി കൊലപ്പെടുത്തിയത്. മനോജിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ജില്ലാ നേതൃത്വം ഏറെ നാളത്തെ ഗൂഢതന്ത്രങ്ങളും ആസൂത്രണവുമാണ് നടത്തിയിരുന്നതെന്നാണ് സാഹചര്യതെളിവുകള്‍ ഇതിനകം വ്യക്തമാക്കിയിരിക്കുന്നത്.
ഒരാഴ്ചക്കുള്ളില്‍ നടത്തിയ രണ്ട് കൊലപാതകങ്ങളെക്കുറിച്ചും പതിവ് രീതിയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന ഒറ്റവാക്കിലുള്ള പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ചെയ്തത്. പാലക്കാട് ഒരു വര്‍ഷം മുമ്പ് നടന്ന പാര്‍ട്ടി പ്ലീനം ക്ഷേത്ര കമ്മറ്റി ഭാരവാഹിത്വം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും അംഗങ്ങളും വഹിക്കുന്നതും ശബരിമല ദര്‍ശനത്തിന് മാലയിട്ട് വ്രതമെടുക്കുന്നതും ശക്തമായി വിലക്കിയിരുന്നു. ക്ഷേത്രകമ്മറ്റികളിലുള്ള ഭാരവാഹിത്വവും ശബരിമല ദര്‍ശനത്തിനുള്ള വ്രതമെടുക്കലും ക്രമേണ പാര്‍ട്ടി പ്രവര്‍ത്തകരെ സംഘപരിവാര്‍ സംഘടനകളിലേയ്ക്ക് എത്തിക്കുമെന്ന ധാരണയിലാണ് പാര്‍ട്ടിപ്ലീനം ഹിന്ദുമത വിശ്വാസികളായവര്‍ക്ക് മാത്രമായി ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ മറ്റ് മതക്കാരായ പ്രവര്‍ത്തകര്‍ക്ക് പള്ളിയില്‍ പോകാനും നോമ്പ് നോല്ക്കാനും മതചടങ്ങുകളില്‍ സജീവമായി പങ്കെടുക്കാനും യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിരുന്നില്ല.
പക്ഷെ നേതൃത്വം കരുതിയതിന് വിപരീതമായി പാര്‍ട്ടി അണികളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയായിരുന്നു. ഇതിനെ തടയാനുള്ള അവസാന വഴിയായി പാര്ട്ടിപ്ലീനതീരുമാനം തള്ളിക്കളയും മട്ടില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ ഗണേശോത്സവം പോലും ആഘോഷപൂര്‍വ്വം നടത്താന്‍ ഈയിടെ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കുകയായിരുന്നു. എങ്കിലും അടവുകള്‍ പലതുംപയറ്റിയിട്ടും ഫലം കാണുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജില്ലയെ കൊലപാതകരാഷ്ട്രീയത്തിന് കളമാക്കാന്‍ നേതൃത്വം പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ല രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്ന് മുക്തമായിരുന്നു. കഴിഞ്ഞകാലങ്ങളില്‍ നടന്ന കൊലപാതകപരമ്പര നിരവധി കുടുംബങ്ങളെയാണ് തീരാദുരിതത്തിലാക്കിയത്.സംഘര്‍ഷഭരിതമായിരുന്ന പ്രദേശങ്ങളിലെ ജനജീവിതം താളംതെറ്റിയ നിലയിലുമായിരുന്നു. മക്കളുടെ വിവാഹം പോലും നടക്കാത്ത ഇത്തരമൊരവസ്ഥ മാറിയതില്‍ ജനങ്ങള്‍ ഏറെ ആശ്വാസം കൊണ്ടിരുന്നു.
എന്നാല്‍ ഇങ്ങനെയൊരവസ്ഥ സിപിഎം പോലുള്ള സംഘടനയെ സംബന്ധിച്ച് അസഹ്യമാണ്. പണക്കൊഴുപ്പിലും നാടിനെ ഭീഷണിയുടെ മുനമ്പില്‍ നിര്‍ത്തിയും രാജകീയമായി കഴിഞ്ഞുവന്ന പാര്‍ട്ടി നേതൃത്വത്തെ സമാധാനാന്തരീക്ഷം അങ്കലാപ്പിലാണ് ആക്കിയത്.
സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും നാടിന്റെ സമാധാനം തകര്‍ത്തും പാര്‍ട്ടിയെ ഭദ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഒരാഴ്ചയ്ക്കുള്ളില്‍ ബിഎംഎസ് പ്രവര്‍ത്തകനേയും ആര്‍എസ്എസ് നേതാവിനേയും കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സ്വാഭാവികമായും ഉണ്ടായേക്കാവുന്ന തിരിച്ചടിയും തുടര്‍ സംഘര്‍ഷങ്ങളും നാട്ടിലെ ക്രമസമാധനതകര്ച്ചയും മുതലാക്കാനുള്ള സിപിഎം നേതൃത്വത്തിന്റെലക്ഷ്യം മനോജ് വധകേസില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടതോടെ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.
ടിപിചന്ദ്രശേഖരന്‍ വധക്കേസിലും മറ്റ് കേസുകളിലും അന്വേഷണോദ്യോഗസ്ഥരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ അവിശുദ്ധബന്ധത്തിലൂടെ പ്രോസിക്യൂഷനെപോലും വഴിതിരിച്ച് വിട്ട്കോടതിവിധി അനുകൂലമാക്കുകയായിരുന്നുപാര്ട്ടി നേതൃത്വം ഇതേവരെ ചെയ്തത്. എന്നാല്‍ ആര്‍എസ്എസ് നേതാവ് മനോജ് വധക്കേസില്‍ സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവായത് സിപിഎം നേതൃത്വത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: