അമൃതപുരി: നമ്മളിലെ നന്മയെയും ആനന്ദത്തെയും തൊട്ടുണര്‍ത്തുന്ന എന്തോ ഒന്ന് ഓണത്തിനുണ്ടെന്ന് മാതാ അമൃതാനന്ദമയിദേവി ഓണസന്ദേശത്തില്‍ പറഞ്ഞു.
ഒരുപക്ഷേ നമ്മുടെ സംസ്കാരവും പ്രകൃതിയുമായി അത്രമാത്രം ഇഴുകിചേര്ന്നതുകൊണ്ടാകാം ഈ ആകര്‍ഷണമുണ്ടായത്. മറ്റുള്ള ആഘോഷങ്ങള്ക്കില്ലാത്ത ചില പ്രത്യേകതകള്‍ ഓണത്തിനുണ്ട്. നമ്മുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഭാവികാലത്തെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് തിരുവോണം. നമുക്ക് നഷ്ടപ്പെട്ടുപോയ നല്ല കാലത്തിന്റെ ഓര്മക്ക് വേണ്ടിയാണ് ഓണമാഘോഷിക്കുന്നത്.
നാട്ടിലെങ്ങും സമൃദ്ധിയും സമത്വവും സാഹോദര്യവും കളിയാടിയിരുന്ന ഒരു കാലത്തിന്റെ ഓര്‍മകള്‍. ഒപ്പം വീണ്ടും അത്തരമൊരു കാലം വന്നുചേരുമെന്നുള്ള പ്രതീക്ഷയും ഓണം നമ്മളില്‍ ഉണര്‍ത്തുന്നു. എല്ലാം മറന്നാഘോഷിക്കുന്നതിനാല് ഓണം വര്ത്തമാനത്തിന്റെതു കൂടിയാണ്.
കൂട്ടായ്മയുടെ പ്രതീകമാണ് ഓണാഘോഷം. എല്ലാവരും ഒത്തൊരുമിച്ച് പൂക്കളം ഒരുക്കുകയും പാചകം ചെയ്യുകയും ഓണക്കളികളില്‍ പങ്കെടുക്കുകയും ചെയ്യുമ്പോള്‍ എല്ലാ വ്യത്യാസങ്ങളും മറയുന്നു.
സമൂഹത്തിന്റെ പുരോഗതിയുടെയും താളലയത്തിന്റെയും നെടുംതൂണാണ് ഈ കൂട്ടായ്മയെന്നും ഓണദിനത്തിലെ കൂട്ടായ്മ ദൈനംദിന ജീവിതത്തിലും കൊണ്ടുവരാനാകണമെന്നും അമ്മ സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: