തിരുവനന്തപുരം: കണ്ണൂരിലെ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന ഡിജിപി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേസിന്റെ പ്രാഥമികാന്വേഷണത്തില്‍ വെളിപ്പെട്ട കാര്യങ്ങളാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.സംഭവത്തിലുള്‍പ്പെട്ട രണ്ടു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് സംസ്ഥാനത്തിന് പുറത്തും വിദേശത്തും ബന്ധമുണ്ട്. പൊതുവെ ശാന്തമായിരുന്ന കണ്ണൂരില്‍ ഈ കൊലപാതകത്തെ തുടര്‍ന്ന് ക്രമസമാധാനത്തെ ദോഷകരമായി ബാധിക്കും. സംഭവത്തിനുപിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതിനാലാണ് കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന ഡിജിപിയുടെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ താത്പര്യം. സിബിഐ കേസ് ഏറ്റെടുക്കും വരെ ഇപ്പോഴുള്ള അന്വേഷണസംഘം തുടരുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
മനോജിന്റെ കൊലപാതകത്തില്‍ യുഎപിഎ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യുഎപിഎ) നിയമമനുസരിച്ചുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയതിനാല്‍ കേസ് കേന്ദ്ര ഏജന്‍സിയായ എന്‍ഐഎക്ക് അന്വേഷിക്കാനാകും. യുഎപിഎ ചുമത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട് കേരള പോലീസ് സര്‍ക്കാരിന് കൈമാറിയിരുന്നു. അത് ഉടന്‍തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച് 15 ദിവസത്തിനകം കേന്ദ്രസര്‍ക്കാര്‍ കേസ് എന്‍ഐഎക്ക് വിടുന്നത് തീരുമാനിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ ഇതിനൊന്നും കാത്തുനില്‍ക്കാതെയാണ് കേസ് സിബിഐക്ക് കൈമാറാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇനി കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് ആരെയങ്കിലും മനഃപ്പൂര്‍വം പ്രതിചേര്‍ക്കാന്‍ താത്പര്യമില്ല. ഇത് രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് അന്വേഷണത്തിനൊടുവിലെ കണ്ടെത്താനാകൂ. യുഎപിഎ ഇതാദ്യമായല്ല കേരളത്തില്‍ പ്രയോഗിക്കുന്നത്. ഇത്തരത്തിലൊരു കേസ് സിബിഐക്ക് വിടുന്നത് തെറ്റായ കീഴ്വഴക്കമല്ല.
ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. ഏതെങ്കിലും പാര്‍ട്ടി പറയുന്ന ശൈലിയനുസരിച്ചല്ല സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നത്. പഴയ കാലത്തേക്ക് തിരികെ പോകാന്‍ കണ്ണൂരിനെ അനുവദിക്കില്ല. എന്തുവില കൊടുത്തും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. അക്രമികളെ അടിച്ചമര്‍ത്തും. കണ്ണൂരിലെ ജനജീവിതം പന്താടാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. മുന്‍ എംപി കെ. സുധാകരന്റെ കൈവശം മനോജിന്റെ കൊലപാതകം സംബന്ധിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പോലീസിന് കൈമാറാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: