കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ് കൊലചെയ്യപ്പെട്ട കേസ് സിബിഐ അന്വേഷണത്തിന് വിട്ടതോടെ സിപിഎം കേന്ദ്രനേതൃത്വം മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. കൊലപാതകത്തില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ട് തേടുമെന്നും പൊളിറ്റ്ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നുമൊക്കെ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ഇതിന്റെ സൂചനയാണ്.
കേരളത്തില്‍ സിപിഎം നടത്തിക്കൊണ്ടിരുന്ന കൊലപാതകരാഷ്ട്രീയത്തെ പാര്‍ട്ടി കേന്ദ്രനേതൃത്വം ഒരുകാലത്തും തള്ളിപ്പറഞ്ഞിട്ടില്ല. ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പന്ന്യന്നൂര്‍ ചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ എന്നിവരടക്കമുള്ള പ്രമുഖരെ മൃഗീയമായി കൊലചെയ്തപ്പോള്‍ അതിനെ ന്യായീകരിച്ച സംസ്ഥാന നേതൃത്വത്തിന് ഒപ്പംനില്‍ക്കുകയാണ് കേന്ദ്രനേതൃത്വം ചെയ്തത്. ഈ നിലപാടാണ് കൂടുതല്‍ കൊലപാതകങ്ങള്‍ നടത്താന്‍ കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് കരുത്തുപകര്‍ന്നത്.
ടി.പി. വധക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ആവര്‍ത്തിച്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കോടതി കുറ്റക്കാരായി കണ്ടെത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയവരെ തുടര്‍ന്നും സംരക്ഷിക്കുകയാണ് സിപിഎം കേന്ദ്ര നേതൃത്വം ചെയ്തത്. ടി.പി വധക്കേസ് സിബിഐ അന്വേഷിക്കാതിരിക്കാന്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വവുമായി ഒത്തുകളിച്ചത് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വമായിരുന്നു.
പശ്ചിമബംഗാളില്‍ പാര്‍ട്ടി തകര്‍ന്നതോടെ കേരളഘടകത്തെ ആശ്രയിച്ചാണ് കേന്ദ്രനേതൃത്വം നിലനില്ക്കുന്നതുതന്നെ. വിഎസ് വിഭാഗത്തെ വെട്ടിനിരത്തി പാര്‍ട്ടിയില്‍ സമ്പൂര്‍ണാധിപത്യം സ്ഥാപിച്ച പിണറായി പക്ഷത്തെ ന്യായീകരിക്കുന്ന നിലപാടാണ് പ്രകാശ് കാരാട്ട് എപ്പോഴും സ്വീകരിക്കാറുള്ളത്. കണ്ണൂരിനെ കൊലക്കളമാക്കുന്നതും പിണറായി പക്ഷമാണ്. ഇതിനെ ഒരിക്കല്‍പ്പോലും പ്രകാശ് കാരാട്ടോ മറ്റ് സിപിഎം നേതാക്കളോ തള്ളിപ്പറഞ്ഞിട്ടില്ല.
ടി.പി വധം നടന്ന കാലത്തുനിന്ന് വ്യത്യസ്തമായി കേന്ദ്രത്തില്‍ ഭരണമാറ്റം സംഭവിച്ചിരിക്കുന്നുവെന്നതാണ് സിബിഐ അന്വേഷണം വരുന്നതിനെ സിപിഎം കേന്ദ്രനേതൃത്വം ഭയപ്പെടാന്‍ കാരണം. മനോജിനെ കൊല്ലിച്ചവരിലേക്ക് അന്വേഷണം വന്നാല്‍ തങ്ങളും കുടുങ്ങുമെന്ന് കേന്ദ്രനേതൃത്വത്തിന് അറിയാം. ഇതാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരോട് അകലം പാലിച്ച് നല്ലപിള്ള ചമയാന്‍ കാരാട്ടിനെയും കൂട്ടരെയും പ്രേരിപ്പിക്കുന്നത്.
ആര്‍എസ്എസിനെ നേരിടാനുള്ള പദ്ധതി നന്നായി പ്രാവര്‍ത്തികമാക്കിയത് കണ്ണൂരിലാണെന്നും അത് മാതൃകാപരമാണെന്നും പ്രകാശ് കാരാട്ട് ശ്രീകണ്ഠാപുരം ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രഖ്യാപിച്ചത് കൊലപാതക രാഷ്ട്രീയത്തെ ശരിവയ്ക്കുന്നതും അത് തുടരാന്‍ പ്രേരിപ്പിക്കുന്നതുമായിരുന്നു. കാരാട്ട് ഇതുപറഞ്ഞ് പന്ത്രണ്ടാംദിവസമാണ് മനോജിനെ സിപിഎം ക്രിമിനലുകള്‍ കൊലചെയ്തത്. സിബിഐ അന്വേഷണം കൊലപാതകത്തിന്റെ ഗൂഢാലോചനയിലേക്ക് നീങ്ങിയാല്‍ ഇതൊക്കെ പരിശോധിക്കപ്പെടുമെന്ന് വ്യക്തം. ഇത് മുന്‍കൂട്ടി കണ്ടാണ് കേന്ദ്രനേതൃത്വം പുതിയ അടവുനയം പുറത്തെടുക്കുന്നത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: